10
Saturday
April 2021

കന്നിമാസ പൂജയ്ക്ക് തീര്‍ഥാടകരെ കടത്തിവിടാനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയായി

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: പ്രളയം കനത്ത നാശം വിതച്ച പമ്പയിലൂടെ കന്നിമാസ പൂജയ്ക്കായി തീര്‍ഥാടകരെ കടത്തിവിടുന്നതിനുള്ള താത്ക്കാലിക സംവിധാനങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. പമ്പയിലെ രണ്ട് പാലങ്ങളുടെ മുകളില്‍ പൂര്‍ണമായും മണ്ണ് അടിഞ്ഞ് കൂടിയതുമൂലം ഇവ കണ്ടെത്താനാവാത്ത അവസ്ഥയായിരുന്നു. ദേവസ്വം ബോര്‍ഡ് നിയോഗിച്ച 300ഓളം തൊഴിലാളികളും ജീവനക്കാരും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിലാണ് മണ്ണടിഞ്ഞുകൂടിയ പാലങ്ങള്‍ കണ്ടെത്തി മണ്ണ് നീക്കം ചെയ്തത്.

പ്രളയത്തില്‍ പമ്പ ഗതിമാറി പമ്പ മണല്‍പ്പുറത്തുകൂടിയാണിപ്പോള്‍ ഒഴുകുന്നത്. നേരത്തേ ത്രിവേണി പാലത്തില്‍ നിന്നും തീര്‍ഥാടകര്‍ ഇറങ്ങുന്നത് പമ്പാ മണല്‍പ്പുറത്തേക്കായിരുന്നു. ഈ മണല്‍പ്പുറമാണ് ഇപ്പോള്‍ നദി കവര്‍ന്നെടുത്തത്. ഈ ഭാഗത്ത് നദിയില്‍ കല്ലുകള്‍ അടുക്കിയും മണല്‍ചാക്കുകള്‍ നിരത്തിയും തകര്‍ന്നുപോയ രാമമൂര്‍ത്തി മണ്ഡപത്തിനടുത്തേക്ക് നടന്നു പോകാവുന്ന രീതിയില്‍ അയ്യപ്പസേതു എന്ന പേരില്‍ ഒരു താത്ക്കാലിക സംവിധാനം ഒരുക്കിയതോടെ പമ്പയുടെ മറുകരയില്‍ എത്താന്‍ കഴിഞ്ഞു. ഇവിടെനിന്നും തകര്‍ന്ന കെട്ടിടങ്ങളുടെ ഇടയിലൂടെ പമ്പ ഗണപതി ക്ഷേത്രത്തിലെത്താം. പാലത്തിലൂടെ എത്തുന്ന ട്രാക്ടറുകള്‍ക്കും മറുകരയെത്തി പഴയ ശുചിമുറികളുടെ പിന്നിലൂടെ സന്നിധാനത്തേക്ക് കടന്നുപോകാവുന്ന രീതിയില്‍ ക്രമീകരണങ്ങളാക്കിയിട്ടുണ്ട്.

പമ്പയിലെ വൈദ്യുതി വിതരണസംവിധാനങ്ങളും തെരുവുവിളക്കുകളും ജലവിതരണ സംവിധാനങ്ങളും പൂര്‍ണമായും തകരുകയും രാമമൂര്‍ത്തി മണ്ഡപം ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ നിലംപതിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ പമ്പയിലെ ആശുപത്രിയുടെ ഒന്നാം നിലയുടെ മുക്കാല്‍ ഭാഗത്തോളം മണ്ണ് നിറഞ്ഞ അവസ്ഥയിലാണ്. വൈദ്യുതി ബോര്‍ഡും വാട്ടര്‍ അതോറിറ്റിയും കന്നിമാസപൂജയ്ക്ക് മുമ്പായി അത്യാവശ്യ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി വരുകയാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിവരുന്ന താത്ക്കാലിക പ്രവര്‍ത്തനങ്ങള്‍ 12ന് മുമ്പ് പൂര്‍ത്തിയാക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്നിധാനത്തേക്കുള്ള വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതോടെ തീര്‍ഥാടകര്‍ക്ക് സന്നിധാനത്തേക്ക് കടന്നുപോകുവാന്‍ കഴിയും.

കഴിഞ്ഞ മാസപൂജയ്ക്കും നിറപുത്തരിക്കും തീര്‍ഥാടകരെ കടത്തിവിടുവാന്‍ കഴിഞ്ഞിരുന്നില്ല. ഇതുമൂലം ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ധാരാളം തീര്‍ഥാടകര്‍ക്ക് ശബരിമലയിലെത്തുവാന്‍ കഴിഞ്ഞില്ല. ഇവരെല്ലാവരും ഈ മാസം ദര്‍ശനത്തിന് എത്തുന്നതിന് നിരവധി അന്വേഷണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ചില തീര്‍ഥാടകര്‍ ശബരിമല ദര്‍ശനത്തിനായി എടുത്ത വ്രതം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തില്‍ തീര്‍ഥാടകരുടെ പ്രതീക്ഷകള്‍ സഫലമാക്കുന്നതിനുള്ള നടപടികളിലാണ് ദേവസ്വം ബോര്‍ഡ് പൂര്‍ണമായും ഏര്‍പ്പെട്ടിട്ടുള്ളതെന്ന് പ്രസിഡന്റ് പറഞ്ഞു. ത്രിവേണി പാലം ഗതാഗതയോഗ്യമാക്കിയതോടെ ട്രാക്ടറുകളും ഹിറ്റാച്ചികളും മറുകരയിലെത്തിക്കാന്‍ കഴിഞ്ഞു. ഇതുമൂലം പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ വേഗത്തില്‍ പൂര്‍ത്തിയാകുന്നുണ്ട്. താത്ക്കാലികമായുള്ള എല്ലാ സംവിധാനങ്ങളും ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാവുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.

 

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com