27
Tuesday
October 2020

ലോകോത്തര നിലവാരത്തിലുള്ള സേവനമാണ് വൈദ്യുതി വകുപ്പിന്റെ ലക്ഷ്യം

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ഉപയോക്താക്കള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള മികച്ച സേവനം നല്‍കുകയാണ് വൈദ്യുതി വകുപ്പിന്റെ ലക്ഷ്യമെന്ന് വൈദ്യുത വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു. തിരുവല്ല തോട്ടഭാഗം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഊര്‍ജ ഉത്പാദന രംഗത്ത് സര്‍ക്കാര്‍ ഇനിയും ഒട്ടേറെ മാറ്റങ്ങള്‍ വരുത്തും, സൗരോര്‍ജത്തെ കൂടുതല്‍ ആശ്രയിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും. വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തത ഉടന്‍ കൈവരിക്കുമെന്നും പവര്‍ കട്ട് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സുസ്ഥിര വികസനത്തിനും, ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സംസ്ഥാന സര്‍ക്കാരും, കെഎസ്ഇബിയും സാമൂഹിക പ്രതിബദ്ധതയോടെ ഉത്പാദന പ്രസരണ വിതരണരംഗങ്ങളില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഇതിന്റെ ഭാഗമായാണ് തോട്ടഭാഗത്ത് ഇലക്ട്രിക്കല്‍ സെക്ഷന് സ്വന്തമായി ഒരു കെട്ടിടമെന്ന ചിരകാലാഭിലാഷം സാധ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.
തോട്ടഭാഗം ജംഗ്ഷന് സമീപം കവിയൂര്‍ ഗ്രാമപഞ്ചായത്ത് നല്‍കിയ സ്ഥലത്താണ് പുതിയതായി കെട്ടിടം നിര്‍മിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കവിയൂര്‍ പഞ്ചായത്തിന്റെ മുഴുവന്‍ പ്രദേശങ്ങളും തിരുവല്ല മുന്‍സിപ്പാലിറ്റിയുടെയും ഇരവിപേരൂര്‍, കുന്നന്താനം, കല്ലൂപ്പാറ എന്നീ പഞ്ചായത്തുകളുടെ ഭാഗികമായ പ്രദേശങ്ങളും ഉള്‍പ്പെട്ടതാണ് തോട്ടഭാഗം സെക്ഷന്‍. ഈ സെക്ഷന്‍ ആഫീസിന്റെ പരിധിയില്‍ 15,288 എല്‍ടി ഉപയോക്തക്കളും, നാല് എച്ച് ടി ഉപയോക്താക്കളുമാണ് ഉള്ളത്.
തിരുവല്ല താലൂക്കില്‍ കവിയൂര്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 633/15 ല്‍ കവിയൂര്‍ പഞ്ചായത്ത് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സികൂട്ടീവ് എഞ്ചിനീയറുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ലീസിന് നല്‍കിയ 8.69 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം. ഹസ്ത ആല്‍ടര്‍നേറ്റ് ബില്‍ഡിംഗ് ടെക്‌നോളജി ആന്‍ഡ് റിസേര്‍ച്ച് എന്ന കമ്പനി 48,42,083 ലക്ഷം രൂപയ്ക്കാണ് കെട്ടിടത്തിന്റെ നിര്‍മാണ ചുമതല ഏറ്റെടുത്തത്. ഗ്ലാസ് ഫൈബര്‍ റീ ഇന്‍ഫോഴ്‌സ്ഡ് ജിപ്‌സം എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 2018 ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച പണി 2019 ജനുവരി 31ന് പൂര്‍ത്തിയാക്കി.
അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസ്, ബില്ലിംഗ് സെക്ഷന്‍, ഉപയോക്താക്കള്‍ക്ക് പണമടക്കാനുള്ള ക്യാഷ്‌കൗണ്ടര്‍, പരാതികള്‍ സ്വീകരിക്കുന്ന അന്വേഷണ കൗണ്ടര്‍, ജീവനക്കാര്‍ക്കുള്ള വിശ്രമമുറി, സ്റ്റോര്‍ തുടങ്ങി ഒരു സെക്ഷന്‍ ആഫീസുമായി ബന്ധപ്പെട്ട് ഉപയോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും വേണ്ട എല്ലാ സൗകര്യങ്ങളും പുതിയ ഓഫീസില്‍ സജ്ജീകരിച്ചിട്ടുണ്ട്. നാല്‍പ്പത് വര്‍ഷമായി വാടകക്കെട്ടിടത്തിലാണ് സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. മതിയായ സൗകര്യങ്ങള്‍ ഇല്ലാതിരുന്ന വാടക കെട്ടിടത്തിന് പകരം സ്വന്തമായി ഒരു കെട്ടിടമെന്ന നാട്ടുകാരുടേയും ജീവനക്കാരുടേയും ചിരകാലാഭിലാഷമാണ് യാഥാര്‍ഥ്യമായത്.
അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വീണാ ജോര്‍ജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ വൈദ്യുതി രംഗത്ത് വിപ്ലവകരമായ മാറ്റത്തിനും, നവകേരള സൃഷ്ടി ലക്ഷ്യമിടുന്ന അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ കുതിപ്പ് നല്‍കുന്നതുമായ പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്ത് നടപ്പാക്കി വരുന്നതെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു.
ഉപയോക്താക്കള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള മികച്ച സേവനം നല്‍കുകയെ ന്നതാണ് കെഎസ്ഇബിയുടെ ലക്ഷ്യമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കാര്യക്ഷമമായും, ഇടതടവില്ലാതെയും വൈദ്യുതി എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.
കെഎസ്ഇബി ചീഫ് ഡിസ്ട്രിബ്യൂഷണ്‍ സൗത്ത് എന്‍ജിനീയര്‍ സണ്ണി ജോണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി മനു ഭായി, ജില്ലാ പഞ്ചായത്തംഗം എസ് വി സുബിന്‍, കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി അനസൂയദേവി, കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റെജി ചാക്കോ വാക്കയില്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ദിനേശ്, കവിയൂര്‍ ഗ്രാമപഞ്ചായത്തംഗം ദീപ്തി കുര്യന്‍, ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എ നസറുദ്ദീന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com