23
Friday
April 2021

മാതൃകാഗ്രാമം പദ്ധതിയുടെ ഭാഗമായി 1000 വനിതകള്‍ക്ക് മുട്ടക്കോഴി വിതരണം ചെയ്യും

Google+ Pinterest LinkedIn Tumblr +

പാണാവള്ളി: മാതൃകഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാണാവള്ളി ഗ്രാമപ്പഞ്ചായത്തിലെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട 1000 വനിതകള്‍ക്ക് 10 മുട്ടക്കോഴികളെ വീതം വിതരണം ചെയ്യുമെന്ന് മൃഗസംരക്ഷണ-വനം വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. പാണാവള്ളി പഞ്ചായത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

15 ലക്ഷം രൂപയാണ് ഇതിനായി പാണവള്ളി ഗ്രാമപ്പഞ്ചായത്തിന് അനുവദിക്കുക. ഉപഭോക്താക്കള്‍ 250 രൂപയാണ് നല്‍കേണ്ടത്. ബാക്കി 1250 രൂപ പൗള്‍ട്രി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനും സര്‍ക്കാരും സംയുക്തമായി സബ്‌സിഡി നല്‍കും. ഒരാള്‍ക്ക് 10 കോഴിയും തീറ്റയും മരുന്നുമാണ് നല്‍കുക. തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാന്‍ മൃഗാശുപത്രിയോട് ചേര്‍ന്ന് ആനിമല്‍ ബര്‍ത്ത് കണ്ട്രോള്‍ യൂണിറ്റ് കൂടി സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനം പാല്‍ ഉത്പാദനത്തില്‍ 83 ശതമാനം സ്വയംപര്യാപ്തത കൈവരിച്ച സമയത്താണ് പ്രളയം കേരളത്തെ ഉലച്ചത്. സംസ്ഥാനത്ത് പ്രളയത്തില്‍ കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്ക് 30000 രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ മേഖലയില്‍ വലിയ മുന്നേറ്റം ഉണ്ടാകാന്‍ പാണാവള്ളി പഞ്ചായത്തിന് സാധിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച എ.എം.ആരിഫ് എം.എല്‍.എ. പറഞ്ഞു. അരൂക്കുറ്റി ചേര്‍ത്തല റോഡ് പുതുക്കിപണിയാന്‍ 8 കോടി അനുവദിച്ചു. അരൂക്കുറ്റി മുതല്‍ പൂച്ചാക്കല്‍ വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും എന്നും എ.എം. ആരിഫ് പറഞ്ഞു.

നീലംകുളങ്ങരയില്‍ പഞ്ചായത്ത് വക 7 സെന്റ് സ്ഥലത്ത് ഒന്നര വര്‍ഷം കൊണ്ടാണ് മൃഗാശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. സര്‍ക്കാരിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക സജ്ജീകരണങ്ങളൊടെയാണ് നിര്‍മ്മാണം നടത്തിയത്. ഇതിനായി 53.35 ലക്ഷം രൂപ മൃഗസംരക്ഷണ വകുപ്പ് വകയിരുത്തിയിരുന്നു. വകുപ്പ് മന്ത്രി തന്നെയായിരുന്നു ഒന്നരവര്‍ഷം മുന്‍പ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. ഒന്നേ കാല്‍ വര്‍ഷം കൊണ്ട് അതിവേഗത്തിലാണ് ഓപ്പറേഷന്‍ തീയേറ്റര്‍ ഉള്‍പ്പടെ ആധുനിക സജ്ജീകരണങ്ങളുള്ള മൃഗശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മൂന്ന് പതിറ്റാണ്ടായി വാടക കെട്ടിടത്തില്‍ പരിമിതമായ സൗകര്യങ്ങളോടെയാണ് മൃഗാശുപത്രി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഗോവര്‍ദ്ധ്നി കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഉദ്ഘാടനം അരൂര്‍ എം.എല്‍.എ. എ. എം. ആരിഫ് നിര്‍വഹിച്ചു.

പാണാവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ സ്വാഗതം ആശംസിച്ചു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ പി.ജി.വത്സല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന മാരിടൈം ബോര്‍ഡ് മെമ്പര്‍ എം.കെ.ഉത്തമന്‍, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ശെല്‍വരാജ്, ജില്ല പഞ്ചായത്ത് അംഗം പി.എം.പ്രമോദ്, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. പി.സി. സുനില്‍ കുമാര്‍, കെ.എല്‍.ഡി. ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോസ് ജെയിംസ്, ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ മേരി ജെയിംസ്, പാണാവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ സത്യന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രേം ലാല്‍ ഇടവഴിക്കല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.സുശീലന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കാര്‍ത്തികേയന്‍, വെറ്റിനറി സര്‍ജന്‍ ഡോ. മനു ജയന്‍ സംസാരിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com