4
Thursday
March 2021

ഭരണഭാഷാ വാരാഘോഷത്തിന് സമാപനം

Google+ Pinterest LinkedIn Tumblr +

കൊല്ലം: മഹാപ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് മോചിതമാകുന്നതിനുള്ള വഴികള്‍ കാര്‍ഷിക മേഖലയ്ക്കു മുന്നില്‍ തുറന്ന് ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല പരിപാടികള്‍ക്ക് സമാപനം. കാര്‍ഷിക മേഖലയുടെ പുനരുജ്ജീവന സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ വിദഗ്ധര്‍ക്കൊപ്പം കര്‍ഷകരും പങ്കാളികളായി. ‘പ്രളയാനന്തര കേരളം കാര്‍ഷിക പുനഃസ്ഥാപനത്തിന്റെ വഴികള്‍’ എന്ന വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും, പാലരുവി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെയും ആഭിമുഖ്യത്തില്‍ പത്തനാപുരം ക്രൗണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സെമിനാര്‍ ജില്ലയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി അനില്‍ സേവ്യര്‍ ഉദ്ഘാടനം ചെയ്തു.

പ്രളയത്തില്‍ നാശ നഷ്ടങ്ങള്‍ നേരിട്ട കര്‍ഷകര്‍ക്ക് അതിവേഗത്തില്‍ നഷ്ടപരിഹാരം നല്‍കാനായത് ശ്രദ്ധേയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷീരമേഖലയിലാണ് പ്രളയം കനത്ത ആഘാതം സൃഷ്ടിച്ചത്. പാലുത്പാദനത്തില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോഴാണ് ദുരന്തമുണ്ടായത്. കാലി സമ്പത്തിന്റെ നഷ്ടം നികത്തി പാല്‍ സ്വയംപര്യാപ്തത ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്അദ്ദേഹം വ്യക്തമാക്കി.

പാലരുവി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ ബിജു കെ. മാത്യു അധ്യക്ഷനായി. പ്രളയാനന്തര കാര്‍ഷിക പുനഃസ്ഥാപനത്തിനായി കമ്പനി തയ്യാറാക്കിയ കര്‍മ്മ പദ്ധതിയുടെ രൂപരേഖ സെമിനാറില്‍ പ്രകാശനം ചെയ്തു. നാലു കോടി രൂപയുടെ പദ്ധതിക്ക് നബാര്‍ഡിന്റെ അംഗീകാരം ലഭിച്ചിരുന്നു. അന്‍പതു സെന്റില്‍ കുറയാത്ത ഭൂമിയില്‍ പഴം, പച്ചക്കറികള്‍, കിഴങ്ങുവിളകള്‍ എന്നിവ കൃഷി ചെയ്യുന്നവര്‍ക്ക് ആവശ്യമായ വിത്തിനങ്ങള്‍, സാങ്കേതിക ഉപദേശം, പരിശീലനം, സഹകരണ മേഖലയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ വായ്പ്പ എന്നിവ പദ്ധതി വിഭാവനം ചെയ്യുന്നു. ഇതനുസരിച്ച് പച്ചക്കറി കൃഷി ഉടന്‍ ആരംഭിക്കത്തക്കവിധത്തില്‍ കാര്‍ഷിക ഗ്രൂപ്പുകള്‍ രൂപീകരിക്കണമെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ നിര്‍ദേശിച്ചു.

പ്രളയാനന്തരം ഒരോ വിളകളും പരിപാലിക്കുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ സെമിനാര്‍ ചര്‍ച്ച ചെയ്തു. നഷ്ടപരിഹാരം നേടുന്നതിനുള്ള വഴികളും പ്രളയമൂലം മണ്ണിന്റെ ഘടനയിലുണ്ടായ മാറ്റങ്ങള്‍ക്ക് അനുസൃതമായ കൃഷി രീതികളും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.എച്ച്. നജീബ് വിശദമാക്കി. പ്രകൃതിദുരന്തങ്ങളെ നേരിടാനും അതിജീവിക്കാനുമുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി കണ്‍സള്‍ട്ടന്റ് നീതൂ തോമസ് വിശദീകരിച്ചു.പാലരുവി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍മാരായ എന്‍.എസ്. പ്രസന്നകുമാര്‍, ഡി. ബാലചന്ദ്രന്‍, സി.ആര്‍. മധു, രാധാകൃഷ്ണന്‍ നായര്‍, കെ.എന്‍. ചാന്ദ്‌നി, സി.ഇ.ഒ. സ്റ്റാന്‍ലി ചാക്കോ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com