കോട്ടയം: ജനറല്‍ ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളില്‍ പുതിയതായി സ്ഥാപിച്ച ആധുനിക ഉപകരണങ്ങളുടെ പ്രവര്‍ത്തനോത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിച്ചു. ജീവിതശൈലി രോഗങ്ങള്‍ക്ക് ചികിത്സ നല്കുന്ന എന്‍.സി.ഡി വിഭാഗത്തില്‍ ബയോതീസിയോമീറ്റര്, വാസ്കുലര്‍ ഡോപ്ലര്‍, പ്ലാന്റാര്‍ പ്രഷര്‍ മോണിറ്റര്‍, നേത്ര ചികിത്സ വിഭാഗത്തിലെ റെറ്റിന ക്ലിനിക്കില്‍ ഗ്രീന്‍ ലേസര്‍ തെറാപ്പി യൂണിറ്റ്, ന്യൂറോളജി വിഭാഗത്തില്‍ ഇ.ഇ.ജി മെഷീന്, രക്തപരിശോധന നടത്തുന്നതിനായി ബയോകെമിസ്ട്രി അനലൈസര്‍, ശ്വാസകോശങ്ങള്‍ക്ക് ചികിത്സിക്കുന്ന വിഭാഗത്തില്‍ ശ്വാസ് ക്ലിനിക്ക്, പവര്‍ ലോണ്ട്രി എന്നിവയുടെ പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയത്.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ലിസമ്മ ബേബി, അനിത രാജു,അംഗങ്ങളായ ശോഭ സലിമോന്‍, പെണ്ണമ്മ ജോസഫ്, ജയേഷ് മോഹന്‍, കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ആശുപത്രി വികസന സമിതിയംഗങ്ങളായ പി.കെ ആനന്ദക്കുട്ടന്, പോള്‍സണ്‍ പീറ്റര്‍, കൊച്ചുമോന് പറങ്ങോട്ട്, രമേശ് നന്ദകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു കുമാരി ആര്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജെസി ജോയി സെബാസ്റ്റ്യന്‍, ആര്.എം.ഒ ഡോ. ഭാഗ്യശ്രീ എന്നിവര്‍ പങ്കെടുത്തു.