10
Saturday
April 2021

ചികിത്സയ്ക്ക് പണമില്ലാതെ മരിക്കുന്ന അവസ്ഥ ഒഴിവാക്കുക സര്‍ക്കാര്‍ ലക്ഷ്യം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ മരണമടയുന്ന അവസ്ഥ സംസ്ഥാനത്ത് ഒരാള്‍ക്കും ഉണ്ടാകാതിരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് ഒരു പ്രയാസവും ഉണ്ടാകാതിരിക്കാനാണ് മെഡിക്കല്‍ കോളേജുകളും ജില്ലാ ആശുപത്രികളും മറ്റും കൂടുതല്‍ ശാക്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചികിത്സാ സേവനസൗകര്യങ്ങള്‍ വലിയതോതില്‍ ഉയര്‍ത്തി രോഗീസൗഹൃദമാക്കുകയാണ്. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഈ രീതിയില്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വലിയമാറ്റം ആരോഗ്യരംഗത്ത് ദൃശ്യമാകുന്നുണ്ട്. ഇത് കൂടുതല്‍ ശക്തിപ്പെടുത്തും. റീജിയണല്‍ കാന്‍സര്‍ സെന്ററിനും മലബാര്‍ കാന്‍സര്‍ സെന്ററിനും പുറമേ, കേരളത്തിലാകെ മെഡിക്കല്‍ കോളേജുകളില്‍ കാന്‍സര്‍ ചികിത്സയ്ക്കായി ഉന്നതനിലവാരമുള്ള സൗകര്യമൊരുക്കുകയാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലായി ഉയര്‍ത്തിയ ആശുപത്രികളിലും കൂടുതല്‍ രോഗികള്‍ എത്തുന്നുണ്ട്.

രോഗികള്‍ക്ക് കൃത്യസമയത്ത് മെച്ചപ്പെട്ട സേവനത്തിനായി വിവിധ ചികിത്സാവിഭാഗങ്ങള്‍ പുതിയ മള്‍ട്ടിസ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ജെറിയാട്രിക് വിഭാഗം ഇവിടുത്തെ പ്രത്യേകതയാണ്. സംസ്ഥാനമാകെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കാനുള്ള നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. രോഗികള്‍ക്ക് സമാധാനാന്തരീക്ഷം ഒരുക്കുന്നതും പ്രധാനമാണ്. ഇക്കാര്യത്തില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ജീവനക്കാരും പ്രത്യേകശ്രദ്ധ പതിപ്പിക്കണം. 25 വര്‍ഷത്തെ വികസനസാധ്യത മുന്നില്‍ക്കണ്ട് കരട് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയാണ് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കൂടുതല്‍ രോഗീസൗഹൃദമാക്കാന്‍ 711 കോടിയുടെ വികസന പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതില്‍ ആദ്യഘട്ടമായി 58 കോടി അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ ചികിത്സാസൗകര്യവും ഉപകരണങ്ങള്‍ക്കുമൊപ്പം ഗതാഗത, മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികളും മാസ്റ്റര്‍ പ്ലാനിലുണ്ട്. മെഡിക്കല്‍ കോളേജ് നവീകരണത്തിന്റെ ഭാഗമായി സമ്പൂര്‍ണ ട്രോമാ കെയര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ അനുമതിയായിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും സര്‍ക്കാരിന്റെ ഇടപെടലിനൊപ്പം നാടിന്റെയാകെ സഹായം സ്വീകരിച്ച് ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ വികസനസമിതികള്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എല്ലാ മെഡിക്കല്‍ കോളേജുകളും മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി അതിനനുസൃതമായി സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സഹകരണ ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയും മേയര്‍ വി കെ പ്രശാന്ത് വിശിഷ്ടാതിഥിയുമായിരുന്നു. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് എസ് സിന്ധു, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ റംലാ ബീവി, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എ സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു സ്വാഗതവും സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദ് കൃതജ്ഞതയും പറഞ്ഞു.

വിവിധ സ്‌പെഷ്യാലിറ്റികളുടെ തീവ്രപരിചരണ വിഭാഗങ്ങളാണ് പ്രധാനമായും പുതിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഒരുക്കിയിരിക്കുന്നത്. വെന്റിലേറ്റര്‍ സംവിധാനമുള്ള 102 ഐസിയു കിടക്കകളും 44 ഹൈകെയര്‍ കിടക്കകളും ഉള്‍പ്പെടെ 146 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. വിപുലീകരിച്ച ആധുനിക മോര്‍ച്ചറി, വയോജനങ്ങളുടെ സമ്പൂര്‍ണ ചികിത്സയ്ക്കായുള്ള ജെറിയാട്രിക് വിഭാഗം, സര്‍ജറിന്യൂറോ സര്‍ജറി വിഭാഗത്തിന്റെ പോളിട്രോമ വിഭാഗം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് തീവ്രപരിചരണം നല്‍കാനായുള്ള കാര്‍ഡിയാക് ഐസിയു., ഹൃദയം, ശ്വാസകോശം എന്നിവ സംബന്ധമായ ഓപ്പറേഷന്‍ നടത്തുന്നതിനുള്ള കാര്‍ഡിയോ തൊറാസിക് ഓപ്പറേഷന്‍ തീയറ്റര്‍ ഐസിയു എന്നിവയാണ് ഈ എഴുനില മന്ദിരത്തില്‍ സജ്ജമാക്കിയിരിക്കുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com