കൊച്ചി: മരടിലെ 38 ഫ്ളാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരമായി ആറുകോടി 98 ലക്ഷം രൂപ അനുവദിച്ചു. ഉടമകളുടെ അക്കൗണ്ടുകളില്‍ ഉടന്‍ പണം നിക്ഷേപിക്കും. 141 പേര്‍ക്കാണ് നഷ്ടപരിഹാരം നല്കാന് ജസ്റ്റിസ് കെ ബാലകൃഷ്നന് നായര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ബാങ്ക് അക്കൗണ്ട് അടക്കമുള്ള രേഖകള്‍ ലഭിക്കുമ്പോൾ മറ്റുള്ളവര്‍ക്കും തുക അനുവദിക്കും.
325 ഫ്ളാറ്റുകളില്‍ 239 അപേക്ഷകളാണ് ഇതുവരെ കമ്മിറ്റിക്ക് ലഭിച്ചത്. 86 ഫ്ളാറ്റ് ഉടമകള്‍ ഇതുവരെ നഷ്ടപരിഹാരത്തിന് സമീപിച്ചില്ലെന്ന് കമ്മിറ്റി അറിയിച്ചു.
ഇതിനിടെ മരടില്‍ നിയമം ലംഘിച്ച് ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച കേസില്‍ മുന്‍ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളോട് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി. 2006 ല്‍ മരട് പഞ്ചായത്ത് അംഗങ്ങളായിരുന്ന പി കെ രാജു, എം ഭാസ്കരന് എന്നിവരോടാണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. മരട് പഞ്ചായത്ത് ഭരണസമിതിയുടെ പിന്തുണയോടെയാണ് നിയമം ലംഘിച്ചുള്ള നിര്‍മ്മാണ അനുമതികള്‍ നല്‍കിയതെന്നാണ് കേസില്‍ അറസ്റ്റിലായ മുന്‍ മരട് സെക്രട്ടറി മുഹമ്മദ് അഷ്റഫ് നല്കിയ മൊഴി.
നിര്‍മ്മാണാനുമതി നല്കിയ കാലത്തെ പല രേഖകളും പിന്നീട് പഞ്ചായത്തില്‍ നിന്ന് അപ്രത്യക്ഷമായെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. പഞ്ചായത്ത് മിനിറ്റ്സില്‍ തിരുത്തല്‍ വരുത്തിയെന്ന ആരോപണവുമുണ്ട്. മിനിറ്റ്സ് തിരുത്തിയതില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെ എ ദേവസിക്കെതിരെയും ആരോപണമുണ്ട്.