17
Saturday
April 2021

പ്രളയാനന്തരം ഉണ്ടാകാവുന്ന വിലക്കയറ്റത്തെ സര്‍ക്കാര്‍ ചെറുത്തു തോല്‍പ്പിച്ചു: മന്ത്രി

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: പ്രളയനാന്തരം സംസ്ഥാനത്ത് രൂക്ഷമായി ബാധിച്ചേക്കാവുന്ന വിലക്കയറ്റത്തെ ജനകീയ സര്‍ക്കാര്‍ ചെറുത്ത് തോല്‍പ്പിച്ചെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഡിസംബര്‍ 14 മുതല്‍ 24 വരെ മുല്ലയ്ക്കല്‍ ജംഗ്ഷന് സമീപമുള്ള പുന്നപ്ര വയലാര്‍ സ്മാരക ഹാളില്‍ നടത്തുന്ന ക്രിസ്തുമസ് വിപണിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്തുമസ് ഏറ്റവും ഭംഗിയായി ആഘോഷിക്കുവാന്‍ ജനങ്ങള്‍ക്ക് ആവശ്യമായവ സര്‍ക്കാര്‍ സപ്ലൈകോ വഴി വിതരണം ചെയ്യുകയാണ്. ജില്ലാ തലത്തില്‍ ക്രിസ്തുമസ് ചന്തകള്‍ സജീവമാക്കാന്‍ ഒരുക്കങ്ങള്‍ തകൃതിയായി നടന്നു വരുന്നു. ക്രിസ്തുമസ് ചന്ത ഒരുക്കലിനെയും അതിന്റെ ഔപചാരിക ഉദ്ഘാടനത്തേയുമാണ് ഇന്നലെ നടന്ന ഹര്‍ത്താല്‍ ബാധിച്ചത്. എങ്കിലും വിപണിക്ക് മുടക്കം സംഭവിക്കാതെയിരിക്കാന്‍ ജില്ലാ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അപ്രതീക്ഷിതമായി ഇന്നലെ നടന്ന ഹര്‍ത്താലിനെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.
പ്രളയത്തില്‍ കൃഷി വിളകള്‍ക്ക് കാര്യമായ നാശം സംഭവിച്ചിരുന്നു. എല്ലാ അവശ്യവസ്തുക്കള്‍ക്കും വില കൂടിയേക്കാവുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സപ്‌ളൈകോ വഴി സജീവ പ്രവര്‍ത്തനം കാഴ്ചവെച്ച് വിജയത്തിലെത്തിച്ചത്. കുട്ടനാട്ടിലെ 117 റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, അഞ്ച് ലക്ഷം മെട്രിക് ടണ്‍ അരി സംഭരിച്ചിരുന്ന പെരിയാര്‍ തീരത്തെ ഗോഡൗണുകള്‍ എന്നിവയെല്ലാം നശിച്ചെങ്കിലും ഇതിനെയൊക്കെ അതിജീവിച്ചാണ് പ്രളയം ബാധിത പ്രദേശങ്ങളിലുള്‍പ്പടെ സൗജന്യ അരി നല്‍കിയത്. അതോടൊപ്പം തന്നെ അഞ്ച് ലക്ഷം പേര്‍ക്ക് 500 രൂപ വിലമതിക്കുന്ന അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റും നല്‍കിയിരുന്നു. ഇതിനൊക്കെ സര്‍ക്കാരിനെ സഹായിച്ചത് സിവില്‍ സപ്ലൈസ് ബോര്‍ഡ്/ കോര്‍പ്പറേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരാണ്. സബ്‌സിഡി ഉല്‍പന്നങ്ങള്‍ വിലകുറച്ചു വിപണിയിലെത്തിയതിനാല്‍ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ സപ്ലൈകോ വഴി സാധിച്ചു. അവശ്യ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കാതെ നിലവിലുള്ള വില തന്നെയാകുമെന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനമാണ് ഇതുവഴി പാലിക്കപ്പെട്ടത്. കൂടാതെ പാല്, മുട്ട, മറ്റ് ഗൃഹോപകരണ ഉത്പന്നങ്ങളും സപ്‌ളൈക്കോ വഴി വിപണിയില്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷ സി. ജ്യോതിമോള്‍ ഉപഭോക്താവ് എന്‍. മജീദിന് അരി നല്‍കി ആദ്യ വില്‍പന നടത്തി. നഗരസഭാ പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണന്‍, സപ്ലൈകോ റീജിയണല്‍ മാനേജര്‍ ബി. ജ്യോതി കൃഷ്ണ, ജില്ലാ സപ്ലൈ ഓഫീസര്‍ പി. മുരളീധരന്‍, ടി. ജെ. ആഞ്ചലോസ്, ആര്‍. നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com