24
Saturday
October 2020

സാങ്കേതിക സര്‍വകലാശാലയുടെ ആസ്ഥാനം തിരുവനന്തപുരത്ത് തന്നെ

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ ആസ്ഥാനം തിരുവനന്തപുരത്ത് തന്നെയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് വ്യക്തമാക്കി. സര്‍വകലാശാലയുടെ ആസ്ഥാനം മലപ്പുറത്തേക്ക് കൊണ്ടുപോകാന്‍ നീക്കമുണ്ടെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് സെക്രട്ടറി പറഞ്ഞു. സാങ്കേതിക സര്‍വകലാശാലയുടെ നിയമത്തിന്റെ ക്ലോസ് 3(6) പ്രകാരം ആസ്ഥാനം തിരുവനന്തപുരത്താണ് എന്ന് എഴുതിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആസ്ഥാനം തിരുവനന്തപുരത്ത് നിന്ന് മാറ്റാന്‍ സാധിക്കില്ല.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായ ഡോ. ഉഷാ ടൈറ്റസ് അധ്യക്ഷത വഹിച്ച നവംബര്‍ 24 ലെ ബോര്‍ഡ് യോഗത്തില്‍ അലിഗഡ് സര്‍വകലാശാലയുടെ കാമ്പസിനുവേണ്ടി ഏറ്റെടുത്ത ഭൂമി ഉപയോഗശൂന്യമായി കിടക്കുന്നുവെന്ന് ബോര്‍ഡ് അംഗമായ ഇബ്രാഹിം ഹാജി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഈ സ്ഥലത്തിന്റെ ഇപ്പോഴത്തെ സ്ഥിതി മനസിലാക്കുന്നതിന് സെക്രട്ടറി ഫയലില്‍ എഴുതിയതിനാല്‍ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാ കളക്ടര്‍ക്ക് കത്തയച്ചിരുന്നു. സാങ്കേതിക സര്‍വകലാശാലയുടെ യോഗത്തില്‍ ഉന്നയിച്ച കാര്യത്തിന്റെ നിജസ്ഥിതി മനസിലാക്കാനായതിനാല്‍ രജിസ്ട്രാര്‍ക്കും ഈ കത്തയച്ചിരുന്നു. കത്തില്‍ സര്‍വകലാശാലയുടെ ആസ്ഥാനത്തിനാണ് സ്ഥലം എന്ന് എഴുതിയിരുന്നില്ല, കത്ത് സെക്രട്ടറി ഒപ്പിട്ടിരുന്നുമില്ല.

തിരുവനന്തപുരത്ത് സാങ്കേതിക സര്‍വകലാശാലയുടെ ആസ്ഥാനത്തിനായി 100 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അത് ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വാര്‍ത്തകള്‍ നിരുത്തരവാദപരമാണെന്ന് സെക്രട്ടറി അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com