ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന നളിനി ശ്രീഹരന് മദ്രാസ് ഹൈക്കോടതി ഒരു മാസത്തെ പരോൾ അനുവദിച്ചു. മകളുടെ വിവാഹത്തിന് ഒരുക്കങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയതിനെ തുടർന്നാണ് മദ്രാസ് ഹൈക്കോടതി പരോൾ നൽകിയത്.
ജസ്റ്റിസ് എം എം സുന്ദരേഷ്, ജസ്റ്റിസ് എം നിർമ്മൽ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തമിഴ്നാട് സർക്കാരിനോട് പത്ത് ദിവസത്തിനകം നളിനിയെ മോചിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു.
പരോളിന് പുറത്തുപോകുമ്പോൾ അഭിമുഖങ്ങളൊന്നും നൽകരുതെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെയും നേതാക്കളെ കാണരുതെന്നും നളിനിയോട് ഉത്തരവിട്ടു.
കഴിഞ്ഞ 27 വർഷമായി വെല്ലൂരിലെ വനിതകൾക്കായുള്ള പ്രത്യേക ജയിലിൽ കഴിയുന്ന നളിനി തന്റെ മകളുടെ വിവാഹത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ആറുമാസത്തെ അവധി തേടിയിരുന്നു.
1991 മെയ് 21 ന് ശ്രീപെരുംമ്പത്തൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ എൽടിടിഇ ചാവേർ ബോംബർ കൊലപ്പെടുത്തിയ കേസിൽ നളിനിയെ കൂടാതെ ശ്രീലങ്കൻ സ്വദേശിയായ മുരുകൻ ഉൾപ്പെടെ ആറ് പേർ ജീവപര്യന്തം തടവ് അനുഭവിക്കുന്നുണ്ട്.