തിരുവനന്തപുരം: ജനുവരി 8,9 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന് നേതാവ് എളമരം കരീം. ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്ന് യൂണിയന് നേതാക്കൾ വ്യക്തമാക്കി. പണിമുടക്കിന് കേരളത്തിലെ എല്ലാ വിഭാഗം തൊഴിലാളികളും അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. ശക്തമായ പ്രതിഷേധം അറിയിക്കാനാണ് 48 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നത്.
അതേസമയം പണിമുടക്കുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു. ജോലിക്ക് എത്തുന്നവരെയോ, വാഹനങ്ങളെയോ തടയില്ല. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല. ടൂറിസം മേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി. തൊഴിലാളി സംഘടനകള്‍ക്കൊപ്പം മോട്ടോര്‍ മേഖലയും, ബാങ്കിംഗ് തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.
അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, മിനിമം വേതനവും പെന്‍ഷനും കൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഇന്ധന വിലക്കയറ്റം നിയന്ത്രിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവ് പിന്‍വലിക്കുക, പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കാതിരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്. കെഎസ്ആര്‍ടിസി, ടാക്സി, സ്വകാര്യ ബസ്, ചരക്ക് ലോറികള്‍ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും.
നിരന്തരം ഹര്ത്താലിനാല് പൊറുതിമുട്ടിയ കേരളത്തിന് പണിമുടക്കില്‍ പ്രത്യേക ഇളവുമില്ല. ട്രെയിനുകള്‍ അടക്കം തടയുമെന്ന് സമരസമിതി ഭാരവാഹികള്‍ വ്യക്തമാക്കി.