തിരുവനന്തപുരo: തലസ്ഥാന നഗരിക്കു നന്മയുടെ വെളിച്ചം പകര്‍ന്ന നാട്ടുഗദ്ദികയ്ക്ക് സര്‍ഗോത്സവത്തിന്റെ സ്നേഹസമ്മാനം. അടിയവിഭാഗക്കാരുടെ അനുഷ്ഠാന നൃത്തരൂപമായ ഗദ്ദിക നിശാഗന്ധി ആവോളം ആസ്വദിച്ചു. തുടിതാളത്തില്‍ പത്തുപേര്‍ ആടിത്തീര്‍ത്ത നാട്ടുഗദ്ദികയ്ക്ക് പരമ്പരാഗത നൃത്ത മത്സരത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചു.
വയനാട് തിരുനെല്ലിയിലെ ഗോത്ര ഊരില്‍നിന്നെത്തിയ വിദ്യാര്‍ഥികളാണ് നിശാഗന്ധിയില്‍ നാട്ടുഗദ്ദികയ്ക്കു ചുവടുവച്ചത്. തിരുനെല്ലി ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍നിന്നുള്ള ഈ സംഘം കഴിഞ്ഞ മൂന്നു വര്‍ഷമായി സര്‍ഗോത്സവത്തിലെ പരമ്പരാഗത നൃത്ത മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരാണ്. വയനാട്ടിലെ ആദിവാസി വിഭാഗമായ അടിയോരുടെ പ്രധാന പരമ്പരാഗത നൃത്തരൂപമാണു ഗദ്ദിക. ആചാരാനുഷ്ഠാനങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ഗദ്ദികയ്ക്ക് പൂജാഗദ്ദികയെന്നും നാട്ടുഗദ്ദികയെന്നും രണ്ടു പിരിവുകളുണ്ട്. നാടിന്റെ നന്മയ്ക്കായി നടത്തുന്ന നാട്ടുഗദ്ദികയാണ് ആശ്രമം എം.ആര്.എസിലെ കുട്ടികള്‍ അനന്തപുരിയിലെത്തിച്ചത്.
അടിയഭാഷയിലാണു ഗദ്ദികയുടെ പാട്ടുകള്‍. ലിപിയില്ലാത്ത ഇതിന് കന്നഡയോട് ഏറെ സാദൃശ്യമുണ്ട്. ഏകദേശം മുക്കാല്‍ മണിക്കൂറോളം വരുന്ന താളച്ചുവടുകളാണ് നാട്ടുഗദ്ദികയുടെ തനത് അവതരണത്തിലുള്ളത്. അതു കാച്ചിക്കുറുക്കി പത്തു മിനിറ്റില്‍ ഒതുക്കിയാണു സര്‍ഗോത്സവത്തിലെ മത്സരവേദിയില്‍ അവതരിപ്പിച്ചത്.