കൊല്ലം: അവശത നടിച്ചു റോഡില്‍ കിടന്നയാള്‍ രക്ഷിക്കാനെത്തിയ യുവാവിനെ ആക്രമിച്ച് 27000 രൂപ കവര്‍ന്നു. തേവലക്കര ആര്.എ ഭവനത്തില്‍ രതീഷ്കുമാറിനെയാണ് ആക്രമിച്ചത്. വ്യാഴാഴ്ച്ച രാത്രി 11ന് ചവറ പടിഞ്ഞാറ്റക്കര പൈപ്പ് ജംഗ്ഷന് തെക്കുവശം എസ്.എന്‍.വി. സ്കൂളിന് സമീപത്തായിരുന്നു സംഭവം.
സുഹൃത്തിൻ്റെ കടയില്‍ നിന്ന് വീട്ടിലേക്ക് സ്കൂട്ടറില്‍ വരുമ്പോള്‍ സ്കൂളിന് സമീപം റോഡിൽ ഒരാള്‍ കമിഴ്ന്നു കിടക്കുന്നത് കണ്ട് രതീഷ് സ്കൂട്ടര്‍ നിര്‍ത്തി ഇറങ്ങി ഇയാളെ പൊക്കിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഇയാള്‍ രതീഷിൻ്റെ കഴുത്തിന് പിന്നില്‍ ശക്തിയായി അടിച്ച് പോക്കറ്റില്‍ നിന്ന് പഴ്സ് വലിച്ചെടുത്ത് ഓടി മറിയുകയായിരുന്നു.
അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചുപോയ രതീഷീന് ആളെ തിരിച്ചറിയാനായില്ല. തുടര്‍ന്ന് ബന്ധുക്കളേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു.