10
Saturday
April 2021

സൗജന്യ മൊബൈല്‍ ഡിജിറ്റല്‍ മാമോഗ്രാം യൂണിറ്റ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്തു

Google+ Pinterest LinkedIn Tumblr +

എറണാകുളം: പാവപ്പെട്ട രോഗികള്‍ക്ക് സ്തനാര്‍ബുദ രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കും ഏറെ ആശ്വാസപ്രദമാണ് മൊബൈല്‍ മാമോഗ്രാം യൂണിറ്റെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സൗജന്യ മൊബൈല്‍ ഡിജിറ്റല്‍ മാമോഗ്രാം യൂണിറ്റ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇന്ത്യയില്‍ ആദ്യമായി കേരള സര്‍ക്കാരാണ് ക്യാന്‍സര്‍ കെയര്‍ പോളിസി പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാന്‍സര്‍ കെയര്‍ ഗ്രിഡും സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്. പ്രതിവര്‍ഷം അന്‍പതിനായിലത്തിലധികം ആളുകള്‍ക്ക് ക്യാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാന ജീവിത ശൈലി രോഗമായി ക്യാന്‍സര്‍ ഇതിനകം മാറി. പ്രാരംഭത്തിലെ അസുഖം തിരിച്ചറിഞ്ഞാല്‍ ഒരു പരിധിവരെ രോഗ ശമനം കിട്ടും. ആരോഗ്യ സ്ഥാപനങ്ങളിലൂടെ മികച്ച സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. അത്യാധുനിക സൗകര്യങ്ങള്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ഒരുക്കും. 375 കോടി രൂപയുടെ പദ്ധതിയാണ് കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററില്‍ നടപ്പിലാക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ കൊച്ചിന്‍ ക്യാന്‍സര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാകും. എല്ലാ മെഡിക്കല്‍ കോളജുകളെയും മിനി ആര്‍ സി സി ആക്കി ക്യാന്‍സറിന് നല്ല ചികില്‍സ ഉറപ്പ് വരുത്തുമെന്നും അവര്‍ പറഞ്ഞു.

മാമോഗ്രാം വാഹനത്തിന്റെ താക്കോല്‍ മുന്‍ ജില്ലാ റോട്ടറി ഗവര്‍ണര്‍ വിനോദ് കൃഷ്ണന്‍കുട്ടിയും മറ്റ് അംഗങ്ങളും ക്യാന്‍ക്യൂര്‍ ഫൗണ്ടേഷന് കൈമാറി. എല്ലാ താലൂക്ക് ആശുപത്രികളിലും മൊബൈല്‍ മാമോഗ്രാം ചെക്കപ്പിനുള്ള സൗകര്യം ഉണ്ടാകും. ഇന്ത്യയില്‍ ആദ്യമായിട്ടാണ് സഞ്ചരിക്കുന്ന ഡിജിറ്റല്‍ മാമോഗ്രാം പദ്ധതി നടപ്പിലാക്കുന്നത്. 2 കോടി രൂപ മുതല്‍ മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനറല്‍ ആശുപത്രി, ക്യാന്‍ക്യൂര്‍, റോട്ടറി ഇന്റര്‍നാഷണല്‍ എന്നിവയുടെ നേതൃത്വത്തില്‍ കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, യു എ ഇ എക്സ്ചേഞ്ച്, ബി.പി.സി.എല്‍-കെആര്‍എല്‍ റിഫൈനറി എന്നിവരുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. മാമോഗ്രാം യൂണിറ്റിലൂടെ ക്യാന്‍സര്‍ കണ്ടെത്തുന്നവര്‍ക്ക് അമൃത ആശുപത്രിയില്‍ ചികിത്സയ്ക്കുള്ള സൗകര്യവും ഒരുക്കും.

കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ കേരളത്തിലെ ജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കൂവെന്ന് മന്ത്രി പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് നിപ വൈറസിനെ തടഞ്ഞുനിര്‍ത്താന്‍ സാധിച്ചത്. കൂടാതെ മഹാപ്രളയത്തിനു ശേഷം പകര്‍ച്ചവ്യാധികളെയും തടയാന്‍ കഴിഞ്ഞു. കേരളം നേരിട്ട ദുരന്ത സാഹചര്യങ്ങളില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ സഹകരണവും ചിട്ടയായ പ്രവര്‍ത്തനവും മാതൃകാപരമാണ്. പ്രളയകാലത്ത് ആരോഗ്യ വകുപ്പിന്റെ എറണാകുളം കണ്‍ട്രോള്‍ റൂമായി മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച ജനറല്‍ ആശുപത്രി ഉദ്യോഗസ്ഥരെ മന്ത്രി ചടങ്ങില്‍ അഭിനന്ദിച്ചു.

ഹൈബി ഈഡന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ഫൗണ്ടര്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പ്രേം നായര്‍, യുഎഇ എക്സ്ചേഞ്ച് വൈസ് ചെയര്‍മാന്‍ ജോര്‍ജ് ആന്റണി, ബിപിസിഎല്‍ കെ ആര്‍ എല്‍ റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ.പണിക്കര്‍, ജനറല്‍ ആശുപത്രി മുന്‍ സൂപ്രണ്ട് ഡോ. ജുനൈദ് റഹ്മാന്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ. കുട്ടപ്പന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.എ. അനിത, ക്യാന്‍ക്യൂര്‍ ഫൗണ്ടേഷന്‍ ജില്ല ഗവര്‍ണര്‍ ആര്‍. മാധവ് ചന്ദ്രന്‍, ജില്ലാ റോട്ടറി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആര്‍. ജയശങ്കര്‍, സി സി ആര്‍ സി ഡയറക്ടര്‍ ഡോ. മോനി സി. കുര്യാക്കോസ്, ക്യാന്‍ക്യൂര്‍ ഫൗണ്ടേഷന്‍ റോട്ടറി ക്ലബ്സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. പ്രകാശ് ചന്ദ്രന്‍, ജില്ല റോട്ടറി 3201 പ്രോജക്ട് ഡയറക്ടര്‍ ഡോ.കെ. അജയകുമാര്‍, ജില്ലാ റോട്ടറി 3201 ക്യാന്‍സര്‍ കെയര്‍ ചെയര്‍മാന്‍ ബെന്നി സഖറിയ, ക്യാന്‍ക്യൂര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് തോമസ് ജോസഫ് സംസാരിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com