31
Saturday
October 2020

കര്‍ഷകരുടെ എല്ലാ വായ്പകളിലും മൊറട്ടോറിയം കര്‍ശനമായി നടപ്പാക്കും

Google+ Pinterest LinkedIn Tumblr +

ഇടുക്കി : പൊതുമേഖല, വാണിജ്യ ,സഹകരണ ബാങ്കുകളില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കര്‍ഷകര്‍ എടുത്ത എല്ലാ വായ്പകളിലും ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം പൂര്‍ണമായും നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ വ്യക്തമാക്കി. ജില്ലയിലെ കാര്‍ഷിക മേഖലയിലെ പ്രളയാനന്തര നടപടികള്‍ ഏകോപിപ്പിക്കുന്നതിനും കാര്‍ഷിക വായ്പ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാതല ബാങ്കിംഗ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും ജപ്തി നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും കര്‍ഷകരുടെ പേരില്‍ ജപ്തി നടപടികളും റവന്യൂ റിക്കവറി നടപടികളും എടുക്കരുതെന്നും മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ മുഖേന ഇടുക്കി , വയനാട് ജില്ലകളിലെ കര്‍ഷകരുടെ വായ്പകള്‍ക്ക് നല്‍കുന്ന ആനുകൂല്യം 2018 ആഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്കു ബാധകമാക്കും. മറ്റു ജില്ലകളിലെ 2014 ഒക്ടോബര്‍ 31 വരെയുള്ള വായ്പകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും. സര്‍ഫാസി നിയമപ്രകാരം കൃഷി ഭൂമിയ്ക്കുക്കുമേല്‍ ബാങ്കുകള്‍ക് നടപടി സ്വീകരിക്കാന്‍ കഴിയില്ലയെങ്കിലും ചില ബാങ്ക് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി എടുക്കും. അവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ല. വായ്പ കുടിശികയുള്ള കര്‍ഷകരെയും അവരുടെ ബന്ധുക്കളെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന പ്രവണത പല ബാങ്കകളുടെയും ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. ഇനിയും ഇത്തരത്തില്‍ ഭീഷണികളുണ്ടായാല്‍ കര്‍ശന നിയമ നടപടികള്‍ ഉണ്ടാകും. കര്‍ഷക കടാശ്വാസ കമ്മിഷന്‍ മുഖേന നല്‍കുന്ന ആശ്വാസ നടപടികള്‍ 50000 മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള പരിധി രണ്ടു ലക്ഷം രൂപ വരെയുള്ള ആനുകൂല്യം ലഭിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. സഹകരണ ബാങ്കുകളില്‍ നിന്നു മാത്രം ലഭിച്ചിരുന്ന ഈ ആനുകൂല്യം വാണിജ്യ ബാങ്കുകളില്‍ നിന്നു കൂടി ലഭിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശ ഒന്‍പത് ശതമാനം വരെ ഒരു വര്‍ഷത്തേക്കു സര്‍ക്കാര്‍ വഹിക്കും. പട്ടയമില്ലാത്ത കര്‍ഷകര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കും.

വായ്പാ കുടിശികയ്ക്ക് നോട്ടീസ് അയച്ച കര്‍ഷകരുടെ യോഗം മാര്‍ച്ച് 15നകം പഞ്ചായത്ത് തലത്തില്‍ വിളിച്ചു ചേര്‍ത്ത് സര്‍ക്കാര്‍ നടപടികളും സംസ്ഥാന ബാങ്കിംഗ് സമിതിയും സ്വീകരിച്ച നടപടികള്‍ അറിയിക്കണം. ജില്ലയിലെ എട്ടു ബ്ലോക്കുകളിലെ ഫിനാഷ്യല്‍ ലിറ്ററസി കൗണ്‍സിലേഴ്‌സും, കൃഷി, റവന്യം, ബാങ്ക് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ നടത്തി കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ സ്വീകരിക്കണം. കര്‍ഷകര്‍ക്ക് വായ്പ കുടിശിക , ജപ്തി നോട്ടീസ് റവന്യൂ റിക്കവറി നോട്ടീസ് എന്നിവ അയച്ചത് സംബന്ധിച്ച ഓരോ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു രണ്ട് ദിവസത്തിനകം ജില്ലാ ലീഡ് ബാങ്ക് മനേജരെ അറിയിക്കണം. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ച് വിശദ വിവരങ്ങള്‍ ആരായുകയും ആവശ്യമെങ്കില്‍ കൗണ്‍സലിംഗ് ഉള്‍പ്പെടെ സഹായങ്ങള്‍ നല്‍കി കര്‍ഷകരുടെ മാനസീക സമ്മര്‍ദ്ദം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണം.

പ്രളയ ദുരിതാശ്വാസ തുകയുടെ 65 ശതമാനവും ഇതിനകം നല്‍കി കഴിഞ്ഞു. ശേഷിക്കുന്നത് നല്‍കുന്നതിന് 85 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മാര്‍ച്ച് 31നകം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി ഇത് ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാര്‍ മാസംതോറും കര്‍ഷക പെന്‍ഷനായി നല്‍കുന്നത് 1200 രൂപയാണ്. കുടിശിക തുകയുള്‍പ്പെടെ ഏപ്രില്‍ 5 നകം നല്‍കും.

യോഗത്തില്‍ ജോയ്‌സ് ജോര്‍ജ് എം പി, എം എല്‍ എ മാരായ പി.ജെ ജോസഫ്, ഇ.എസ് ബിജിമോള്‍, കൃഷി വകപ്പ് ഡയറക്ടര്‍ ഡോ. പി.കെ ജയശ്രീ, പ്രൈസസ് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. രാജശേഖരന്‍, ആര്‍ ഡി ഒ എം പി വിനോദ് , സംസ്ഥാന ബാങ്കിംഗ് സമിതി ഡെപ്യംട്ടി ജനറല്‍ മാനേജര്‍ എന്‍ കെ.കൃഷ്ണന്‍കുട്ടി , ബാങ്ക് മാനേജര്‍ രാജഗോപാല്‍, നബാര്‍ഡ് ഡി ജി എം അശോക് കുമാര്‍ നായര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആന്‍സി ജോണ്‍ , ബാങ്ക് ഓഫീസര്‍മാര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com