7
Sunday
March 2021

കേരളത്തിന്റെ ആവശ്യങ്ങള്‍ ഒന്നിച്ചുനിന്ന് നേടിയെടുക്കണം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: പ്രളയ സാഹചര്യത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഒന്നിച്ചു നിന്ന് നേടിയെടുക്കാന്‍ എം.പിമാര്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരും പാര്‍ലമെന്റ് അംഗങ്ങളുമായുള്ള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ സാഹചര്യം പരിഗണിച്ച് കൂടുതല്‍ കേന്ദ്രസഹായം ലഭ്യമാക്കണമെന്നും വ്യോമരക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യപ്പെട്ട ഫീസ് ഒഴിവാക്കണമെന്നും എം.പിമാരായ പി. കരുണാകരനും എം. ബി. രാജേഷും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രളയത്തെ നേരിടുന്നതിന് സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിയ മുഖ്യമന്ത്രിയെയും സര്‍ക്കാരിനേയും പ്രമേയം അഭിനന്ദിച്ചു. ദുരന്ത വേളയില്‍ കേന്ദ്രം നല്‍കിയ അരിക്ക് 223.87 കോടി രൂപ ഈടാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയും കേരള ജനതയോടുള്ള ദയാരഹിത നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് എം.പിമാരായ ബിനോയ് വിശ്വവും എം.പി വീരേന്ദ്രകുമാറും പ്രമേയം അവതരിപ്പിച്ചു. ഇരു പ്രമേയങ്ങളും ഒന്നായി നല്‍കാമെന്ന്് മുഖ്യമന്ത്രി അറിയിച്ചു.

പ്രളയം ബാധിച്ച കേരളത്തിന്റെ പുനഃസ്ഥാപനത്തിന് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഇടപെടല്‍ ആവശ്യമാണ്. 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. 2500 കോടി രൂപ നല്‍കുമെന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടു. സഹായധനം വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം പത്ത് ശതമാനം വര്‍ദ്ധിപ്പിക്കുക, വായ്പാപരിധി മൊത്തം ആഭ്യന്തര ഉത്പന്നത്തിന്റെ 4.5 ശതമാനമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കണം. ജി. എസ്. ടി സെസ് ഏര്‍പ്പെടുത്താന്‍ നടപടിയായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ ദുരന്ത പ്രതികരണ സേനാകേന്ദ്രം കേരളത്തില്‍ ആരംഭിക്കണം. ഇതിന് എം.പിമാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം. പ്രളയവുമായി ബന്ധപ്പെട്ട പുനഃസ്ഥാപന പ്രവൃത്തികള്‍ കൂടി ഉള്‍പ്പെടുത്തി തൊഴിലുറപ്പു പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ 150 ദിവസം വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്രസംഘം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ വിജ്ഞാപനം വന്നിട്ടില്ല. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടു വച്ച പാക്കേജില്‍ നടപടിയുണ്ടായിട്ടില്ല. പ്രളയ സഹായം ആവശ്യപ്പെടുമ്പോള്‍ ഇക്കാര്യം എം.പിമാരുടെ മനസിലുണ്ടാവണം. മാനദണ്ഡപ്രകാരം ലഭിക്കുന്ന തുക കൊണ്ട് പഴയത് പുനസ്ഥാപിക്കാന്‍ പോലും കഴിയില്ല. കേരളത്തിന്റെ പുനിര്‍നിര്‍മാണത്തിന് വലിയ തുക വരേണ്ടതായിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ നയം മൂലം ചില വഴികള്‍ അടഞ്ഞു പോയതായി മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കെ.കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ.പി. ജയരാജന്‍, എ.കെ. ശശീന്ദ്രന്‍, ഡോ. ടി.എം. തോമസ് ഐസക്ക്, എ.കെ. ബാലന്‍, ജി.സുധാകരന്‍, പി.തിലോത്തമന്‍, ഡോ. കെ.ടി. ജലീല്‍, പ്രൊഫ. സി.രവീന്ദ്രനാഥ്, കെ.കെ. ശൈലജ, എം.പിമാരായ എം.ബി. രാജേഷ്, ജോയ്സ് ജോര്‍ജ്, പി.കെ. ശ്രീമതി, ബിനോയ് വിശ്വം, പി.കരുണാകരന്‍, എം.പി. വീരേന്ദ്രകുമാര്‍, കെ.സോമപ്രസാദ്, കെ.കെ. രാഗേഷ്, ഇ.ടി. മുഹമ്മദ് ബഷീര്‍, വി. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, പി. വി. അബ്ദുള്‍ വഹാബ്, ചീഫ് സെക്രട്ടറി ടോം ജോസ്, വകുപ്പ് സെക്രട്ടറിമാര്‍, മറ്റു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com