28
Saturday
November 2020

പാല നഗരസഭയുടെ ന്യായവില ഭക്ഷണശാല

Google+ Pinterest LinkedIn Tumblr +

കോട്ടയം: വില തുച്ഛം ഗുണം മെച്ചം എന്ന സന്ദേശത്തിന് ഏറ്റവും മികച്ച മാതൃകയാകുകയാണ് പാല നഗരസഭയുടെ ന്യായവില ഭക്ഷണശാല. മൂന്ന് വര്‍ഷം മുമ്പാണ് പാല ജനറല്‍ ആശുപത്രിയ്ക്ക് എതിര്‍വശം നഗരസഭ ഈ ഭക്ഷണ കേന്ദ്രം ആരംഭിച്ചത്. തുടക്കത്തില്‍ ഉച്ചയൂണ് മാത്രമാണ് ഇവിടെ നല്‍കിയിരുന്നത്. ഇപ്പോള്‍ പ്രഭാത ഭക്ഷണത്തിനായി ആരംഭിച്ച ഇഡലിക്കടയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇഡലി ഒന്നിന് 5 രൂപ നിരക്കിലാണ് നല്‍കുന്നത്. രാവിലെ ഏഴ് മുതല്‍ 10 വരെയാണ് പ്രഭാത ഭക്ഷണം ലഭിക്കുക. വെജിറ്റേറിയന്‍ ഊണിന് 20 രൂപയാണ്. 2 മണി വരെ ഉച്ചയൂണ് നല്‍കും.

ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ന്യായവില ഭക്ഷണ ശാലയുടെ പ്രവര്‍ത്തനം. പാഴ്സല്‍ സൗകര്യവും ലഭ്യമാണ്. നിലവില്‍ 40 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. സമീപമുള്ള ജനറല്‍ ആശുപത്രിയിലെത്തുന്ന സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് ഈ ന്യായവില ഭക്ഷണശാല.

പ്രഭാത ഭക്ഷണം കടയിലും ഉച്ചഭക്ഷണം നഗരസഭ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലുമാണ് തയ്യാറാക്കുന്നത്. കുടുംബശ്രീ അംഗങ്ങള്‍ക്കാണ് ഭക്ഷണ വിതരണത്തിന്റെ ചുമതല. നഗരസഭയിലെ കുടുംബശ്രീ അംഗങ്ങളെയാണ് പദ്ധതിയുടെ നടത്തിപ്പിനായി തെരഞ്ഞെടുത്തിട്ടുള്ളത്. നഗരസഭയുടെ ഏറ്റവും ജനകീയമായ പദ്ധതികളിലൊന്നാണ് ഇത്. സാധാരണക്കാരുടെ ബജറ്റിനു താങ്ങാനാകുന്ന വിധത്തില്‍ വൃത്തിയുള്ള ഭക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

വിലക്കുറവിനൊപ്പം ഗുണമേന്മയും നഗരസഭ ആരോഗ്യ വിഭാഗം ഉറപ്പുവരുത്തുന്നുണ്ടെന്ന് ചെയര്‍പേഴ്സണ്‍ ബിജി ജോജോ പറഞ്ഞു. ഹരിത ചട്ടം കര്‍ശനമായി പാലിച്ചാണ് ഭക്ഷണശാലയുടെ പ്രവര്‍ത്തനം. കഴിഞ്ഞ ബജറ്റില്‍ പദ്ധതിയുടെ വിപുലീകരണത്തിനായി 2 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന വിശപ്പ് രഹിത നഗരം പദ്ധതിയും നഗരസഭ വിജയകരമായി നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രതിദിനം 50 പേര്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com