25
Thursday
February 2021

എല്ലാ കരകളുടെയും പങ്കാളിത്തം ഉറപ്പാക്കും; കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കും

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ഒരു പള്ളിയോടത്തിന് ആറന്മുളയിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ കരകളുടെ കൂട്ടായ്മയാക്കാന്‍ പള്ളിയോട സേവാസംഘം. എല്ലാ പള്ളിയോട കരകളുടെയും പ്രാതിനിധ്യം ഉറപ്പാക്കി തിരുവോണത്തോണി വരവ്,  ഉത്രട്ടാതി വള്ളംകളി, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലഭ്യമായ അനുമതിയുടെ അടിസ്ഥാനത്തില്‍ നടത്തും.

നിലയാളും തുഴക്കാരും അമരക്കാരുമായി ആകെ 24 പേര്‍ക്കാണ് പള്ളിയോടത്തില്‍ കയറുന്നതിന് അനുമതി ലഭിച്ചിരിക്കുന്നത്. മൂന്ന് ചടങ്ങുകളിലും ഓരോന്നിലും ഓരോ മേഖലയില്‍ നിന്നുള്ള എല്ലാ കരക്കാരും പങ്കാളികളാകും. തിരഞ്ഞെടുക്കപ്പെടുന്ന പള്ളിയോടക്കരയിലെ ആറു പേര്‍ക്കാണ് പള്ളിയോടത്തില്‍ കയറാന്‍ കഴിയുന്നത്. ബാക്കി 18 പേര്‍ മറ്റ് കരകളില്‍ നിന്നായിരിക്കും.  എന്നാല്‍, ഇത്തരത്തില്‍ സന്നദ്ധരായി വരുന്നവരുടെ എണ്ണം കൂടുതലാണെങ്കില്‍ നറുക്കെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഒന്നിലധികം പളളിയോടക്കരക്കാര്‍ സന്നദ്ധരായാല്‍ അക്കാര്യവും നറുക്കെടുത്ത് തീരുമാനിക്കും.

തിരുവോണത്തോണി വരവ്,  ഉത്രട്ടാതി വള്ളംകളി, അഷ്ടമിരോഹിണി വള്ളസദ്യ എന്നീ മൂന്ന് ചടങ്ങുകളിലായി എല്ലാ കരകളുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് പള്ളിയോട സേവാസംഘം ഭാരവാഹികള്‍ അറിയിച്ചു.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ പൊതുയോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഇതാദ്യമായാണ് പള്ളിയോട സേവാസംഘം പൊതുയോഗം വീഡിയോ കോണ്‍ഫറന്‍സ്  വഴി നടത്തിയത്. എഴുപതോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി, സെക്രട്ടറി പി.ആര്‍. രാധാകൃഷ്ണന്‍, ട്രഷറര്‍ സഞ്ജീവ് കുമാര്‍, വൈസ് പ്രസിഡന്റ് സുരേഷ് ജി വെണ്‍പാല, ജോയിന്റ് സെക്രട്ടറി വി. വിശ്വനാഥ പിള്ള എന്നിവര്‍ പങ്കെടുത്തു.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com