16
Friday
April 2021

ഫ്ളക്സ് നിരോധനം ശക്തമായി തുടരാന്‍ ആസൂത്രണ സമിതി തീരുമാനം

Google+ Pinterest LinkedIn Tumblr +

കണ്ണൂര്‍: പൊതുസ്ഥലങ്ങളില്‍ ഫ്ളക്സ് ഉള്‍പ്പെടെയുള്ള ബോര്‍ഡുകളും ഹോര്‍ഡിംഗുകളും മറ്റും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 10ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. റോഡരികുകളിലും കവലകളിലും വൈദ്യുത പോസ്റ്റുകളിലും മറ്റും ഫ്ളക്സ് ഉള്‍പ്പെടെയുള്ള പരസ്യബോര്‍ഡുകള്‍, പ്രചാരണ ബാനറുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നവര്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന് ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി വ്യക്തമാക്കി. മുന്‍കൂര്‍ അനുമതിയില്ലാതെ ഇവ സ്ഥാപിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണം.

ആദ്യപടിയായി അവര്‍ക്ക് നോട്ടീസ് നല്‍കുകയും തുടര്‍ന്ന് പിഴ ഈടാക്കുകയും വേണം. ഇവ നീക്കം ചെയ്യുന്നതിനുള്ള ചെലവും സ്ഥാപിച്ചവരില്‍ നിന്ന് ഈടാക്കണം. തങ്ങളുടെ തദ്ദേശ സ്ഥാപന പരിധിയില്‍ അനധികൃത ബോര്‍ഡുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല അതത് സെക്രട്ടറിമാര്‍ക്കാണെന്ന് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ കൈക്കൊണ്ട നടപടികള്‍ അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

മാലിന്യ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളില്‍ ഒരുക്കുന്ന എംസിഎഫുകളും ബ്ലോക്ക് തലത്തില്‍ ഒരുക്കുന്ന ആര്‍ആര്‍എഫുകളും ജനുവരിയോടെ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍ദ്ദേശിച്ചു. എംസിഎഫുകളില്‍ ശേഖരിച്ച് ആര്‍ആര്‍എഫിലെത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്ത് കൊണ്ടുപോകുന്നതിന് ക്ലീന്‍ കേരള കമ്പനി സജ്ജമാണ്. ഇതുമായി ബന്ധപ്പെട്ട് പാനൂര്‍ ബ്ലോക്ക് പഞ്ചായത്തുമായി കമ്പനി കരാറില്‍ ഒപ്പുവച്ചുകഴിഞ്ഞു. ആര്‍ആര്‍എഫുകള്‍ പ്രവര്‍ത്തന സജ്ജമാകുന്ന മുറയ്ക്ക് മറ്റു ബ്ലോക്ക് പഞ്ചായത്തുകളുമായും കരാറുണ്ടാക്കും.

എംസിഎഫും ആര്‍ആര്‍എഫും സജ്ജമാക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ അതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. പ്രാദേശിക എതിര്‍പ്പുകള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ആളുകളുടെ തെറ്റിദ്ധാരണ അകറ്റാന്‍ വേണ്ടതു ചെയ്യണം. ജില്ലയില്‍ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും എംസിഎഫും ആര്‍ആര്‍എഫും പ്രവര്‍ത്തനം തുടങ്ങിയ സ്ഥിതിക്ക് ചിലയിടങ്ങളില്‍ മാത്രം എതിര്‍പ്പുണ്ടാവേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് എംസിഎഫുകളിലെത്തിക്കുന്നതിനുള്ള ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.

37 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം നല്‍കി. വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ 55.6 ശതമാനവുമായി കണ്ണൂര്‍ ജില്ല ഒന്നാമതാണെങ്കിലും എസ്സിപി മേഖലയില്‍ ഫണ്ട് വിനിയോഗം കുറവാണെന്നും ഇക്കാര്യത്തില്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ ആസൂത്രണ സമിതി അംഗങ്ങളായ ഇ പി ലത, പി പി ദിവ്യ, കെ പി ജയബാലന്‍ മാസ്റ്റര്‍, ടി ടി റംല, കെ ശോഭ, പി കെ ശ്യാമള ടീച്ചര്‍, പി ജാനകി, സുമിത്ര ഭാസ്‌കരന്‍, കെ വി ഗോവിന്ദന്‍, ഡിപിഒ കെ പ്രകാശന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി ജി അഭിജിത്ത്, ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ക്ലീന്‍ കേരള ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുധീഷ് തൊടുവയില്‍ തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com