11
Tuesday
May 2021

കേരളത്തിന്റെ പൊതുവിതരണ സംവിധാനം ലോകത്തിന് മാതൃകയാകും

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: കേരളത്തിന്റെ പൊതുവിതരണക്രമം ലോകത്തിന് തന്നെ മാതൃകയായി മാറുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍. തിരുവല്ല വെയര്‍ഹൗസ് പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം തിരുവല്ല അമ്പിളി ജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയസമയത്ത് കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി പൊതുജനങ്ങള്‍ക്കെത്തിക്കുവാന്‍ വകുപ്പിന് സാധിച്ചു. പ്രളയശേഷം വിലയക്കയറ്റം കേരളം പ്രതീക്ഷിച്ചുവെങ്കിലും കൃത്യമായ ഇടപെടലിലൂടെ അതിനെ അതിജീവിക്കുവാനും കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
റേഷന്‍ കടകളില്‍ ഇപോസ് മെഷിനൊപ്പം ത്രാസ് കൂടി ബന്ധിച്ചിച്ച് തൂക്കം കൃത്യമാകുമ്പോള്‍ മാത്രം ബില്‍ ലഭിക്കുന്ന രീതിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. എല്ലാ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളേയും ഒരേ കുടക്കീഴില്‍ വിതരണം ചെയ്യുന്ന തരത്തില്‍ സിവില്‍ സപ്ലൈസിനെ മാറ്റും. ഇതിന്റെ ഭാഗമായി ഗൃഹോപകരണങ്ങള്‍ കൂടി സപ്ലൈകോ വഴി വിതരണം ചെയ്യുന്നത് ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വെയര്‍ഹൗസ് പ്രോജക്ട് കോണ്‍ട്രാക്ടര്‍ കെ. വി. ശങ്കരന്‍കുട്ടിക്ക് സ്ഥലത്തിന്റെ കൈമാറല്‍ ധാരണാപത്രം മന്ത്രി നല്‍കി.
കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് തിരുവല്ല താലൂക്കിന് സ്വന്തമായി ഭക്ഷ്യധാന്യ കലവറ ലഭിച്ചത്. നിലവില്‍, കുന്നന്താനത്തെ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണാണ് ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കുന്നതിന് ഉപയോഗിച്ച് വരുന്നത്. താലൂക്കിനു വേണ്ടി മാത്രമാണ് കാവുംഭാഗത്ത് അമ്പിളി ജംഗ്ഷനില്‍ ഗോഡൗണ്‍ നിര്‍മിക്കുന്നത്. 1989ല്‍ ഗോഡൗണ്‍ നിര്‍മാണത്തിനായി ഒരേക്കറോളം സ്ഥലം വാങ്ങി 2011ല്‍ തറക്കല്ലിട്ടിരുന്നു. എന്‍.എഫ്.എസ്.എ. ഫണ്ടില്‍ നിന്നും അനുവദിച്ച നാല് കോടി 57 ലക്ഷം രൂപയില്‍ സൂപ്പര്‍ മാര്‍ക്കറ്റ്, ഗോഡൗണ്‍, പെട്രോള്‍ പമ്പ്, ഓഫിസ് എന്നിവയാണ് നിര്‍മിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഹൈറ്റ്‌സിനാണ് നിര്‍മാണചുമതല. ഒരു ഏക്കര്‍ പത്ത് സെന്റില്‍ 840.24 സ്‌ക്വയര്‍ മീറ്ററിലാണ് നിര്‍മാണം. 10 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണു കരാര്‍. 27 സെന്റ് സ്ഥലത്താണ് പെട്രോള്‍ പമ്പ് സ്ഥാപിക്കുന്നത്. ബാക്കി സ്ഥലത്താണ് രണ്ട് നില കെട്ടിടം. താഴെ സൂപ്പര്‍ മാര്‍ക്കറ്റ്, അതിനു പുറകില്‍ 3,500 ചതുരശ്ര മീറ്ററില്‍ എന്‍.എഫ്.എസ്.എ. ഗോഡൗണ്‍. ഇതില്‍ ഒരു സമയം 50 ലോഡ് ഭക്ഷ്യ ധാന്യം ശേഖരിക്കാന്‍ കഴിയും. ഗോഡൗണിനു മുകളിലായിട്ടാണ് ഓഫിസ് കെട്ടിടം. കൂടാതെ, തിരുവല്ല എം.എല്‍.എ. അഡ്വ. മാത്യു ടി. തോമസിന്റെ നിര്‍ദ്ദേശപ്രകാരം ഒരു മെഡിക്കല്‍ സ്റ്റോര്‍ കൂടി ഉള്‍പ്പെടുത്താനും തീരുമാനമുണ്ട്.
അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, സപ്ലൈകോ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ എം. എസ്. ജയ, ജില്ലാ സപ്ലൈ ഓഫീസര്‍ എം. എസ്. ബീന, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, രാഷ്ട്രീയകക്ഷി നേതാക്കളായ എ. പി. ജയന്‍, അഡ്വ. കെ. ജി. രതീഷ് കുമാര്‍, ജയകുമാര്‍, പ്രതാപചന്ദ്രവര്‍മ്മ, എന്‍. എം. രാജു, ജിജി വട്ടശ്ശേരില്‍, ഹൈറ്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എ. രഞ്ജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com