മൂന്നാർ: പള്ളിവാസലിലെ പ്ലംജൂഡി റിസോര്‍ട്ടില്‍ കുടുങ്ങി കിടന്ന വിനോദസഞ്ചാരികളെ സുരക്ഷിതമായി മൂന്നാറിലെ കെ.റ്റി.ഡി.സി മന്ദിരത്തില്‍ എത്തിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ മലയിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടതോടെയാണ് പുറം ലോകവുമായി ബന്ധമില്ലാതെ ഇവര്‍ റിസോര്‍ട്ടില്‍ അകപ്പെട്ടത്. മുതിര്‍ന്നവരും കുട്ടികളും അടക്കം 54 നാലുപേരെയാണ് ഇന്ന് വൈകിട്ട് ഏഴുമണിയോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. റഷ്യ, സൗദിഅറേബ്യ, സിംഗപൂര്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് റിസോര്‍ട്ടില്‍ അകപെട്ടത്. മൂന്നുദിവസം മുമ്പാണ് ഇവര്‍ മൂന്നാര്‍ സന്ദര്‍ശനത്തിനായി ഇവിടെ എത്തിയത്. ശക്തമായ മഴയില്‍ അറുനൂറു മീറ്ററിലധികം ഭാഗത്ത് മണ്ണിടിഞ്ഞു ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടതോടെ ഇവര്‍ റിസോര്‍ട്ടില്‍ അകപ്പെടുകയായിരുന്നു. രാവിലെ മുതല്‍ സൈന്യം,ഫയർ ഫോഴ്സ്,പോലീസ് എന്നിവർ ചേര്‍ന്ന് റിസോര്ട്ടിലേക്കെത്താനുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ നടത്തിയ ശ്രമത്തിനൊടുവിലാണ് വൈകിട്ടോടെ മുഴുവന്‍ ആളുകളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചത്. അഞ്ച് ജെസിബികള്‍ ഉപയോഗിച്ച് മണ്ണും പാറയും നീക്കം ചെയ്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പതിനഞ്ച് സൈനീക ഉദ്യോഗസ്ഥരും പത്ത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും പോലീസും ഉള്‍പെടെ 30തോളം പേരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കിയത്.
നിലവിലെ സാഹചര്യത്തില്‍ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് റിസോര്‍ട്ട് വീണ്ടും അടച്ചുപൂട്ടാന്‍ ദേവികുളം സബ്കളക്ടര്‍ ഉത്തരവിട്ടു.