തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങളിൽ തൊഴിലാളികൾക്കു ഇനി ഇരുന്ന് ജോലി ചെയ്യാം. ഇതു സംബന്ധിച്ച ബില്ല് നിയമസഭാ ഇന്നലെ പാസാക്കി. മുൻപ് സ്ത്രീകൾ ഉൾപ്പെടുന്ന തൊഴിലാളികൾക്ക് ജോലി സമയത്ത് ഇരിക്കുവാനുള്ള അനുവാദം കടയുടമകൾ നൽകിയിരുന്നില്ല. ഇതിനെ ലംഘിച്ചുകൊണ്ടാണ് ഇരിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന ഭേദഗതി ബില്ല് കേരള നിയമസഭ പാസാക്കിയത് .
തൊഴിൽ മന്ത്രിയായ ടി.പി രാമകൃഷ്ണനാണ് ഇന്നലെ ബില്ല് നിയമസഭയിൽ പാസാക്കിയത്. ഇതോടെ കേരളത്തിൽ തൊഴിലാളികൾക്ക് ഇരുന്ന് ജോലി ചെയ്യാനുള്ള അവകാശം നിയമമായി മാറി. രാത്രി ഏഴ് മുതൽ പുലർച്ചെ ആറ് വരെ സ്ത്രീകളെ ജോലിക്കു നിർത്തുന്ന ചട്ടത്തിലും ബില്ലിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. യാത്ര സൗകര്യത്തോടും മതിയായ സുരക്ഷയോടും കൂടി മാത്രമേ രാത്രി ഒൻമ്പത് മണി വരെ സ്ത്രീകളെ ജോലിക്കു നിർത്താവുവെന്നും ഈ ബില്ലിൽ പറയുന്നു.
ബില്ലിൽ മാറ്റം വരുത്തിയിരിക്കുന്ന ഈ ചട്ടങ്ങൾ ലംഘിച്ചാൽ ഒരു ലക്ഷം രൂപ പിഴയും ചട്ട ലംഘനം ആവർത്തിച്ചാൽ ഓരോ വകുപ്പിനും രണ്ടു ലക്ഷം രൂപ പിഴയും ചുമത്താൻ ബില്ലിൽ പറയുന്നു. രണ്ടു സ്ത്രീകൾ ഉൾപ്പെടുന്ന അഞ്ച് തൊഴിലാളികൾ അടങ്ങുന്ന സംഘം ഉണ്ടെങ്കിൽ മാത്രമേ രാത്രി ഒമ്പതിന് ശേഷം സ്ത്രീകളെ വ്യാപാര സ്ഥാപനങ്ങളിൽ ജോലിക്കു നിർത്താൻ പാടുള്ളുവെന്നും ബില്ലിൽ പറയുന്നു.