23
Friday
October 2020

കാലവര്‍ഷക്കെടുതി; ജില്ലയില്‍ നാല് മരണം, കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

Google+ Pinterest LinkedIn Tumblr +

കോട്ടയം: കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ നാലുപേര്‍ മരിച്ചു. കാണാതായ രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് നേവിയും എത്തിച്ചേര്‍ന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ ചെറുവള്ളി വില്ലേജില്‍ ശിവന്‍കുട്ടി (50 വയസ്), കോരുത്തോട് വില്ലേജില്‍ ബംഗ്ലാവ് പറമ്പില്‍ ദീപു (34 വയസ്), വൈക്കം താലൂക്കിലെ വെള്ളൂര്‍ വില്ലേജില്‍ മനക്കപ്പടിയില്‍ ജിനു (15 വയസ്), ടി. വി. പുരം വില്ലേജില്‍ ചെമ്മനത്തുകര കിഴക്കേപുത്തന്‍തറയില്‍ ഷിബു (46 വയസ്) എന്നിവരാണ് മരിച്ചത്. ഇടുക്കി കൊക്കയാര്‍ വില്ലേജില്‍ പൂവഞ്ചി പാറമടയ്ക്ക് സമീപം മീന്‍ പിടിക്കുന്നതിനിടയില്‍ കാണതായ രണ്ട് പേര്‍ക്കുള്ള തിരച്ചില്‍ ജില്ലയില്‍ തുടരുകയാണ്. ജില്ലയില്‍ 154 വീടുകള്‍ ഭാഗികമായി നശിക്കുകയും 43.2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുകയും ചെയ്തിട്ടുണ്ട്. കെ.എസ്.സി.ബി.യില്‍ 43.61 രൂപയുടെ നഷ്ടവും 139.3 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. കാര്‍ഷിക മേഖലയില്‍ മാത്രം ജില്ലയില്‍ 1.39 കോടി രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തില്‍ 2.5 കോടിയുടെ നഷ്ടവും നിലവില്‍ കണക്കാക്കിയിട്ടുണ്ട്.

വെള്ളക്കെട്ടുളള പ്രദേശങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ വൈദ്യുതി വിതരണം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി അറിയിച്ചു. വെള്ളക്കെട്ടുളള പ്രദേശങ്ങളില്‍ വീടുകള്‍ക്കുളളില്‍ വരെ വെള്ളം കയറിയിട്ടുളളതിനാല്‍ വൈദ്യുതി പുനസ്ഥാപിക്കാന്‍ കൂടുതല്‍ സമയം എടുക്കുമെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. പലയിടത്തും പോസ്റ്റുകള്‍ മറിഞ്ഞുവീണും വൈദ്യൂത കമ്പികള്‍ പൊട്ടിവീണും വൈദ്യുതി തടസ്സം ഉണ്ടായിട്ടുളളത് പരിഹരിച്ചിട്ടുണ്ട്. പമ്പ് ഹൗസുകളിലേക്ക് പ്രത്യേക കണക്ഷന്‍ വഴി വൈദ്യുതി വിതരണം പുനസ്ഥാപിച്ചിട്ടുണ്ട്.

മഴക്കെടുതിയില്‍പ്പെട്ട കോളനികളെ ദത്തെടുക്കാം

മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് സന്നദ്ധ സംഘടനകളെ സ്വാഗതം ചെയ്യുന്നതായി ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി അറിയിച്ചു. ധാരാളം സന്നദ്ധ സംഘടനകള്‍ സഹായ വാഗ്ദ്ധാനവുമായി എത്തിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം എത്തിക്കാനും ധാരാളം പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ വ്യക്തിഗത നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വെള്ളം പൂര്‍ണ്ണമായും ഇറങ്ങിക്കഴിഞ്ഞാല്‍ മാത്രമേ നടത്താനാകു. പലരുടേയും സ്‌കൂള്‍ ഡോക്യുമെന്റ് ഉള്‍പ്പെടെയുളള രേഖകളും കുട്ടികളുടെ പാഠ പുസ്തകങ്ങളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. പുനരധിവാസ പ്രക്രിയയില്‍ നാശനഷ്ടം ഉണ്ടായ കോളനികളെ പൂര്‍ണ്ണമായോ ഭാഗികമായോ ദത്തെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിലും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകാമെന്നും കളക്ടര്‍ അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com