റായ്പുർ: ഛത്തീസ്ഗഢിലെ 90 അംഗ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 72 മണ്ഡലങ്ങളിൽ നിന്നായി 1079 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 19,262 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്.
നക്സല്‍ ആക്രമണ ഭീഷണിയുള്ളതിനാൽ അമാമോറ, മോധ് എന്നീ മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതല്‍ മൂന്നുവരെയും ബാക്കിയുള്ള മണ്ഡലങ്ങളില്‍ രാവിലെ എട്ടു മുതല്‍ അഞ്ചുവരെയുമാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെമ്പാടും ഒരു ലക്ഷത്തിലധികം സുരക്ഷാ സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്. 18 മണ്ഡലങ്ങളിൽ നവംബർ 12-നായിരുന്നു ഒന്നാംഘട്ടം തെരഞ്ഞെടുപ്പ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു 49 സീറ്റാണു ലഭിച്ചത്. കോൺഗ്രസിനു 39 സീറ്റും ലഭിച്ചു. ബിജെപി മന്ത്രിമാരായ ബ്രിജ് മോഹൻ അഗർവാൾ (റായ്പുർ സിറ്റി സൗത്ത്), രാജേഷ് മുനാത് (റായ്പുർ സിറ്റി വെസ്റ്റ്), അമർ അഗർവാൾ (ബിലാസ്പുർ), ബിജെപി പ്രസിഡന്റ് ധരംലാൽ കൗശിക് (ബില്‍ഹ), കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഭൂപേഷ് ബാഹൽ (പട്ടാൻ), പ്രതിപക്ഷ നേതാവ് ടി. എസ്.സിങ് ദേവ് (അംബികാപുർ) എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖർ.