തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ പോലീസ് സഹായത്തോടെ നഗരസഭ പൊളിച്ചുമാറ്റി. തിങ്കളാഴ്ച അർദ്ധരാത്രി 11.30-ന് തുടങ്ങിയ പൊളിച്ചുനീക്കൽ ഒരു മണിക്കൂറോളം നീണ്ടുനിന്നു. സമരപ്പന്തലിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചവരെ ബലം പ്രയോഗിച്ച് മാറ്റി. ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് പന്തലുകൾ പൊളിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സഹോദരൻ ശ്രീജീവിന്റെ മരണത്തിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വർഷത്തോളമായി സമരം ചെയ്യുന്ന പാറശ്ശാല സ്വദേശി ശ്രീജിത്ത് പന്തൽ പൊളിച്ചിട്ടും റോഡരികിൽ സമരം തുടരുകയാണ്. ഇയാൾക്ക് പിന്തുണയുമായി എത്തിയവരെയും പോലീസ് നീക്കം ചെയ്തു.
പ്രതിഷേധമുയർന്നെങ്കിലും കെ.എസ്.ആർ.ടി.സി. എംപാനൽ സമരക്കാരുടെ ഉൾപ്പെടെ എല്ലാ പന്തലുകളും നഗരസഭയുടെ ആരോഗ്യവിഭാഗം ജീവനക്കാർ നീക്കം ചെയ്തു. മദ്യക്കുപ്പികൾ, മണ്ണെണ്ണ, അടുപ്പ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവയടക്കം ആറുലോഡ് വസ്തുക്കളാണ് പൊളിച്ച പന്തലുകളിൽ നിന്നും മാറ്റിയത്. പന്തലുകൾ പലതും സെക്രട്ടേറിയറ്റിലെ ഗ്രില്ലിനോട് ചേർന്ന് വെൽഡ് ചെയ്ത് നിർമിച്ച നിലയിലായിരുന്നു. ഇവ പൊളിക്കാനും പ്രയാസമുണ്ടായി. ചില ഷെഡ്ഡുകളിൽ 50 ലേറെ പ്ലാസ്റ്റിക് കസേരകളുണ്ടായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ മറ്റ് സമരക്കാർക്ക് ഇവിടെ നിന്നും കസേരകൾ വാടകയ്ക്ക് നൽകിയിരുന്നതായും അധികൃതർ ആരോപിച്ചു.
രണ്ടു വർഷമായി സമരം നടത്തുന്ന അരിപ്പ ഭൂസമരപ്പന്തലിലെ സമരക്കാർ സ്വമേധയാ സാധനങ്ങൾ മാറ്റാൻ തയ്യാറായി. എന്നാൽ, ഫ്ളക്സ് ഉൾപ്പെടെയുള്ളവ മാറ്റാൻ ശ്രീജിത്ത് തയ്യാറായില്ല. പൊളിക്കാൻ ശ്രമിച്ച നഗരസഭാജീവനക്കാരെ ഇയാളെ പിന്തുണയ്ക്കുന്നവർ തടയാൻ ശ്രമിച്ചു. ഇവരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റി. പിന്നീട് ശ്രീജിത്തിന്റെ പന്തൽ പൊളിച്ച് വാഹനത്തിൽ കയറ്റി. ഓടിച്ചുപോയ വാഹനത്തിൽ ശ്രീജിത്ത് ചാടിക്കയറുകയും പൊളിച്ച വസ്തുക്കൾ വാരി റോഡിലേക്ക് എറിയുകയുംചെയ്തു. കൂടിനിന്നവർ വാഹനത്തെ പിന്തുടർന്നത് സംഘർഷത്തിനിടയാക്കി. പിന്നീട് വാഹനം നിർത്തി ശ്രീജിത്തിനെ പോലീസ് ബലം പ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു. 12.30 മണിയോടെ കൂടി നിന്നവരെയെല്ലാം കന്റോൺമെന്റ് സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് ഒഴിപ്പിച്ചു.
എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ നീക്കം ചെയ്യാൻ നടപടിയുണ്ടായത്. പിന്നീട് പന്തലുകൾ കൂണുപോലെ മുളയ്ക്കുകയായിുന്നു. നടപ്പാത കൈയേറിയുള്ള പന്തലുകൾ സെക്രട്ടേറിയറ്റിന് മുന്നിൽ യാത്രാതടസ്സത്തിനും അപകടത്തിനും വഴിവച്ചിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് പൊളിച്ചുനീക്കൽ നടപടി ഇപ്പോഴുണ്ടായത്.