ആലപ്പുഴ: സമാനതകളില്ലാത്ത മഹാപ്രളയത്തെ അതിജീവിച്ചതിന്റെ നേര്‍ക്കാഴ്ചയായ ‘പ്രളയശേഷം, ഹൃദയപക്ഷം’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തോടെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘അതിജീവനം’ ഡോക്യുമെന്ററി ഫെസ്റ്റിന് തുടക്കമായി. കളക്ട്രേറ്റിന് സമീപമുള്ള എന്‍ജിഒ യൂണിയന് ഹാളിലാണ് രണ്ടുദിവസമായി നടക്കുന്ന ഫിലിം ഫെസ്റ്റിന് തുടക്കമായത്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പൊതുജന മുന്നേറ്റത്തിലൂടെ മഹാപ്രളയത്തെ കേരളം അതിജീവിച്ചതിന്റെ കഥപറയുന്ന ഡോക്യുമെന്ററിക്കൊപ്പം നവോത്ഥാന മുന്നേറ്റം അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുന്നു.
ഡോക്യുമെന്ററി ഫെസ്റ്റ് കല്ലേലി രാഘവന്‍പിള്ള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എര്‍ത്ത് വിഷന്‍ ഇന്റര്‍നാഷണല്‍ ഡോക്യൂമെന്ററി അവാര്‍ഡ് ജേതാവ് കെ. മോഹന്‍കുമാര്‍ മുഖ്യാതിഥിയായി. രാഷ്ട്രം പരീക്ഷണത്തിന്റെ ഘട്ടത്തിലാണെന്നും സത്യം, ധര്‍മ്മം മാര്‍ഗം എന്നിവ വെടിയാതെ പ്രവര്‍ത്തിക്കണമെന്നും മാനുഷീക മൂല്യള്ക്ക് മുന്‍ഗണന നല്‍കണമെന്നും കല്ലേലി രാഘവന്‍പിള്ള പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി മാലൂര്‍ ശ്രീധരന് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, കെ. നാസര്‍, ഹരികുമാര്‍ വാലേത്ത് എന്നിവര്‍ പ്രസംഗിച്ചു.
എം. വേണുകുമാര്‍ സംവിധാനം നിര്‍വഹിച്ച പ്രളയ ശേഷം, ഹൃദയപക്ഷം എന്ന ഡോക്യുമെന്ററിയായിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് വിനോദ് മങ്കര സംവിധാനം ചെയ്ത ക്ഷേത്ര പ്രവേശന വിളംബരം, നീലന് സംവിധാനം ചെയ്ത പ്രേംജി ഏകലോചന ജന്മം, ആര്, ജയരാജ് സംവിധാനം ചെയ്ത കടമ്മന്, ടി.ആര് പ്രിയനന്ദനന് സംവിധാനം ചെയ്ത വൈലോപ്പിള്ളി ഒരു കാവ്യജീവിതം, ടി. രാജീവ് നാഥ് സംവിധാനം ചെയ്ത പി. പത്മരാജന് ഒരു പുനര്‍വായന, ടി. കെ. രാജിവ്കുമാര്‍ സംവിധാനം ചെയ്ത രാഗം: മണി രംഗ് നെയ്യാറ്റിന്‍കര വാസുദേവന്‍, എം. ജി. ശശി സംവിധാനം ചെയ്ത അഴീക്കോട് മാഷ് എന്നീ ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിച്ചു.
‘അതിജീവനം’ ഡൊക്യുമെന്ററി ഫെസ്റ്റിന് തുടക്കമായി
Share.