ചെന്നൈ: കഴിഞ്ഞ ദിവസം എഗ്മോർ റെയിൽവേ സ്റ്റേഷനിൽ പിടികൂടിയത് ആട്ടിറച്ചി തന്നെയാണെന്ന് പരിശോധനാഫലം. കഴിഞ്ഞ ശനിയാഴ്ചയാണ് പട്ടിയിറച്ചിയെന്ന് സംശയിച്ച് 2,190 കിലോ ഇറച്ചി പിടികൂടിയത്.
ജോധ്പുരിൽനിന്ന് മുഹമ്മദ് ഉമര്‍ എന്ന പേരിലാണ് പാര്‍സല്‍ അയച്ചിട്ടുള്ളത്. എന്നാല്‍, സ്വീകര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് എ ഇസെഡ് എന്നു മാത്രമാണ് ഉണ്ടായിരുന്നത്. തോലുരിഞ്ഞ് വൃത്തിയാക്കി തെര്‍മോകോള്‍ പെട്ടികളില്‍ നിറച്ച നിലയിലാണ് ഇറച്ചി കണ്ടെടുത്തത്. ഭക്ഷണത്തിനുള്ള ഇറച്ചി തീവണ്ടിയിൽ ദൂരത്തേക്ക് അയയ്ക്കുമ്പോൾ പാലിക്കേണ്ട നടപടികൾ പൂർത്തീകരിച്ചിട്ടില്ല. മാർഗനിർദേശങ്ങൾ പാലിച്ചതായി വെറ്ററിനറി സർജന്റെ സർട്ടിഫിക്കറ്റുമില്ല. അനധികൃത അറവുശാല നടത്തുന്നവരാകാം ഇറച്ചി അയച്ചത്. ഇറച്ചി അയച്ചത് ശീതീകരണിയിലല്ലെന്നും അതിനാൽ അഴുകിയ നിലയിലാണ് എത്തിയത്. അതിനാൽ ഇറച്ചി ആർ.പി.എഫ്. കൊടുംങ്ങയ്യൂരിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ സംസ്കരിച്ചിരുന്നു.