23
Friday
October 2020

വെയിൽ തെളിഞ്ഞു; ടൂറിസത്തിന് പുത്തനുണർവ് അതിഥികളെത്തി തുടങ്ങി

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: മഴയുടേയും വെള്ളപ്പൊക്കത്തിൻ്റെയും രണ്ടുമാസം. ടൂറിസം മേഖല പാടെ തകർന്ന മാസങ്ങളാണ് കടന്നുപോയത്. ഏറ്റവും കൂടുതൽ ബുക്കിങുകൾ നടക്കേണ്ട ഓണക്കാലവും പുരവഞ്ചി മേഖലയ്ക്ക് കനത്ത തിരിച്ചടി നൽകി. നെഹ്‌റു ട്രോഫി വള്ളംകളിയുടെ ബുക്കിങുകൾ കൂടിയ സമയത്താണ് പ്രളയം ജില്ലയുടെ ടൂറിസം മേഖലയെ തകർത്തുകളഞ്ഞത്.എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം പഴയതിനേക്കാൾ കരുത്തോടെ ഉണർന്നെണീക്കുകയാണ് ടൂറിസം മേഖല. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ജില്ലയിൽ വീണ്ടും ടൂറിസ്റ്റുകളെത്തിതുടങ്ങി. തുർക്കിയിൽ നിന്നുള്ള പത്തംഗ വിദ്യാർഥി സംഘമാണ് ആലപ്പുഴ കാണാനെത്തിയിരിക്കുന്നത്. ഇതോടെ കുട്ടനാട്ടിലെ കായലോര മേഖലകളിൽ കെട്ടുവള്ളങ്ങളും നിരന്നുതുടങ്ങി.

ഏറെ നാളുകൾക്ക് ശേഷം വിരുന്നെത്തിയ അതിഥികളെ ടൂറിസം ഡെപ്യുട്ടി കളക്ടർ അഭിലാഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ടൂറിസം ഉദ്യോഗസ്ഥരും സ്വീകരണത്തിൽ പങ്കാളികളായി. അപ്രതീക്ഷിതമായി വലിയ സ്വീകരണം കണ്ട വിദ്യാർഥി സംഘത്തിനും ഇത് പുത്തൻ അനുഭവമായി.

പ്രളയത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് പിടിച്ചെടുത്തിരുന്ന 400 പുരവഞ്ചികളാണ് ഉടമകൾക്ക് തിരിച്ചുനൽകിയത്. കുട്ടനാട്ടിലെ ഉൾപ്രദേശങ്ങൾ പോലും മനപാഠമായിരുന്ന പുരവഞ്ചി ജീവനക്കാരുടെ സേവനത്തെ തുടർന്ന് നിരവധി ജീവനുകൾ രക്ഷിക്കാനായെന്ന് ഡി.ടി.പി.സി സെക്രട്ടറി എം.മാലിൻ പറഞ്ഞു. ശിക്കാര വള്ളങ്ങളും മോട്ടോർ വള്ളങ്ങളും പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നു. പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ പുളിങ്കുന്ന് പ്രദേശത്തുനിന്ന് 28 ദിവസം പ്രായമായ കുഞ്ഞിനെ ഡി.ടി.പി.സി ജീവനക്കാർ രക്ഷപ്പെടുത്തിയിരുന്നു. സെപ്റ്റംബർ ഒന്നുമുതൽ പഴയ പോലെതന്നെ മുഴുവൻ സമയ പ്രവർത്തനങ്ങളിലേക്ക് ടൂറിസം മേഖല മാറുമെന്നും സെക്രട്ടറി പറഞ്ഞു. ബുക്കിങ്ങും പുനരാരംഭിച്ചിട്ടുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com