8
Monday
March 2021

ദുരന്തത്തില്‍ കാട്ടിയ ഐക്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും തുടരണം

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട : ഈ നൂറ്റാണ്ടില്‍ ജില്ലയിലുണ്ടായ ഏറ്റവും വലിയ ദുരന്തത്തില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ കാട്ടിയ ഐക്യം ഒരു പോറലുമേല്‍ക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും നിലനിര്‍ത്തുന്നതിനുള്ള ജാഗ്രത ഉണ്ടാകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒരേ മനസ്സോടെയാണ് ജില്ലയിലെ സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും മറ്റ് വിവിധ ഏജന്‍സികളും പ്രവര്‍ത്തിച്ചത്. ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി ജനങ്ങളുടെ വലിയ ഒരു ഐക്യം ദുരന്തത്തെ നേരിടുന്നതിന് രൂപപ്പെട്ടു. ഈ ഐക്യം തുടര്‍പ്രവര്‍ത്തനങ്ങളിലും ഉണ്ടാകണം.

ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടതൊക്കെയും വീണ്ടെടുക്കുന്നതിന് വലിയ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ജില്ലയെ പൂര്‍വ സ്ഥിതിയില്‍ എത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. ജില്ലയിലെ എല്ലാ എംഎല്‍എമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരേ മനസ്സോടെയാണ് ദുരന്തത്തെ നേരിടുന്നതിന് പ്രവര്‍ത്തിച്ചത്. മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും വലിയ സഹായങ്ങളാണ് ഉണ്ടായത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്നതിലും വിവിധ സ്ഥലങ്ങളിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ജില്ലാ ഭരണകൂടത്തെ അറിയിക്കുന്നതിലും ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ കാട്ടിയ ജാഗ്രത ഏറെ ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.

പ്രളയക്കെടുതി ആരംഭിച്ച ആഗസ്റ്റ് 14 മുതലുള്ള ഏഴ് ദിവസക്കാലവും മികച്ച പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെ വിവിധ വകുപ്പുകളും സന്നദ്ധസംഘടനകളും നടത്തിയത്. പോലീസിന്റേയും റവന്യു വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ മൈക്ക് അനൗണ്‍സ്‌മെന്റുകളും മാധ്യമങ്ങളിലൂടെ നല്‍കിയ അറിയിപ്പുകളും ഒരു പരിധിവരെ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുവാന്‍ സഹായിച്ചു. കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും എത്തിയ 68 മത്സ്യബന്ധന ബോട്ടുകളുടെയും ഇവയിലെ 272 തൊഴിലാളികളുടെയും സേവനം ജില്ലയ്ക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. കുടുങ്ങിക്കിടന്നവരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതില്‍ ഇവര്‍ വഹിച്ച പങ്ക് ഏറെ വലുതാണ്.

ആര്‍മിയുടെ 120 അംഗങ്ങളും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ 300 പേരും ഐടിബിപിയുടെ 69 പേരും എന്‍ഡിആര്‍എഫിന്റെ 307 പേരും സ്‌കൂബ ടീമിന്റെ ഒമ്പത് പേരും കോസ്റ്റ് ഗാര്‍ഡിന്റെ 34 പേരും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ 50 പേരും ജില്ലയിലെ മുഴുവന്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാരും 700ഓളം പോലീസ് സേനാംഗങ്ങളും ഉള്‍പ്പെടെ 1580 സേനാംഗങ്ങളാണ് ഏഴ് ദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. 15 ഹെലികോപ്ടറുകളാണ് രക്ഷാപ്രവര്‍ത്തനത്തിനും ഭക്ഷണവിതരണത്തി നുമായി ഉപയോഗിച്ചത്. ഇതില്‍ 11 എണ്ണം വ്യോമസേനയുടെയും രണ്ടെണ്ണം നാവിക സേനയുടെയും ഒരെണ്ണം ഒഎന്‍ജിസിയുടെയും ഒരെണ്ണം ചിപ്‌സണ്‍ എയര്‍ എന്ന സ്വകാര്യ കമ്പനിയുടേതുമായിരുന്നു.

മത്സ്യബന്ധന ബോട്ടുകളിലും സൈന്യത്തിന്റെ ബോട്ടുകളിലും ഹെലികോപ്ടറുകളിലുമായി രക്ഷപ്പെടുത്തിയത് 30400 പേരെയാണ്. ഇതിന് പുറമേ തിരുവല്ല താലൂക്കില്‍ 24219 പേരെയും കോഴഞ്ചേരി താലൂക്കില്‍ 5063 പേരെയും മുന്നറിയിപ്പു കള്‍ വന്ന ഉടന്‍ തന്നെ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. ഇതിന് പുറമേ സന്നദ്ധ സംഘടനകളുടെയും മറ്റും ആഭിമുഖ്യത്തില്‍ നിരവധി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.ജില്ലയിലെ 533 ദുരിതാശ്വാസ ക്യാമ്പുകളിലായി 35,539 കുടുംബങ്ങളിലെ 13,3074 ആളുകളാണ് കഴിയുന്നത്. തിരുവല്ല താലൂക്കില്‍ 315 ക്യാമ്പുകളിലായി 23,107 കുടുംബങ്ങളിലെ 91,451 പേരും അടൂര്‍ താലൂക്കില്‍ 34 ക്യാമ്പുകളിലായി 5,923 കുടുംബങ്ങളിലെ 16,606 പേരും കോഴഞ്ചേരി താലൂക്കിലെ 101 ക്യാമ്പുകളിലായി 3962 കുടുംബങ്ങളിലെ 15,879 പേരും റാന്നി താലൂക്കിലെ 44 ക്യാമ്പുകളിലായി 1415 കുടുംബങ്ങളിലെ 5,296 പേരും കോന്നി താലൂക്കിലെ 34 ക്യാമ്പുകളിലായി 903 കുടുംബങ്ങളിലെ 3,207 പേരും മല്ലപ്പള്ളി താലൂക്കിലെ 15 ക്യാമ്പുകളിലായി 229 കുടുംബങ്ങിളിലെ 635 പേരും കഴിയുന്നു.

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യുന്നതിനായി എട്ട് സംഭരണ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അടൂര്‍ മര്‍ത്തോമ കണ്‍വന്‍ഷന്‍ സെന്റര്‍, അടൂര്‍ കിളിവയല്‍ സെന്റ് സിറിള്‍സ് കോളേജ്, കോഴഞ്ചേരി സെന്റ് തോമസ് കോളേജ്, കോന്നി, റാന്നി, മല്ലപ്പള്ളി താലൂക്ക് ഓഫീസുകള്‍, പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുവല്ല എംജിഎം സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സംഭരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ ശേഖരിക്കുന്ന സാധനങ്ങള്‍ വിവിധ ക്യാമ്പുകളിലേക്ക് തരംതിരിച്ച് എത്തിക്കുന്നതിനുള്ള വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ദുരിതാശ്വാസ ക്യാമ്പുകളിലെ സേവനത്തിന് ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലെയും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നു. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുമുള്ള മെഡിക്കല്‍ ടീമുകള്‍ ക്യാമ്പുകളില്‍ പരിശോധനകള്‍ നടത്തിവരുന്നു. ഇതിനുപുറമേ സ്വകാര്യ ആരോഗ്യ മേഖലയില്‍ നിന്നും 136 ഡോക്ടര്‍മാരും 64 നഴ്‌സുമാരും സന്നദ്ധ സേവനത്തിനെത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ഥികളുടെയും നഴ്‌സിംഗ് കോളേജുകളിലെ വിദ്യാര്‍ഥികളുടെയും സേവനം ഉപയോഗപ്പെടുത്തിവരുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എല്ലാ താലൂക്ക് ആശുപത്രികളിലും പാമ്പ് വിഷത്തിനെതിരെയുള്ള പ്രതിരോധ മരുന്ന് ലഭ്യമാക്കിയിട്ടുണ്ട്. പ്രളയത്തില്‍പ്പെട്ട് ക്യാമ്പുകളില്‍ കഴിയേണ്ടിവന്ന കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക കൗണ്‍സിലിംഗ് ഉടന്‍ ആരംഭിക്കും. ക്യാമ്പിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങുമ്പോള്‍ ടേക് ഹോം കിറ്റ് നല്‍കും. എയര്‍ഫോഴ്‌സിന്റെ മെഡിക്കല്‍ ടീം വിവിധ ഭാഗങ്ങളില്‍ സേവനം നല്‍കിവരുന്നുണ്ട്.

ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി ശുചീകരണത്തിനും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പുനരധിവാസത്തിനുമായിരിക്കും ശ്രദ്ധ ചെലുത്തുകയെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍, സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. ഹരികിഷോര്‍, എഡിഎം പി.റ്റി.എബ്രഹാം, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്.ശിവപ്രസാദ് എന്നിവരും സന്നിഹിതരായിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com