ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപീകരിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.
രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ ഇരു പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും കൂടികാഴ്ചക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും യോജിക്കേണ്ടതാണ് കാലത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ രക്ഷിക്കാന്‍ പ്രതിപക്ഷ കക്ഷികളെല്ലാം ഒന്നി ക്കണമെന്ന് കൂടിക്കാഴ്ചക്ക് ശേഷം നായിഡു പറഞ്ഞു
ദീര്‍ഘകാലം ശത്രുക്കളായിരുന്ന കോണ്‍ഗ്രസും ടി.ഡി.പിയും തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമായാണ് മത്സരിക്കുന്നത്. തെലങ്കാനയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന് ഇരു പാര്‍ട്ടികളും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ സഖ്യം വിട്ട നായിഡു പിന്നീട് പ്രധാനമന്ത്രി മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു.