കൊല്ലം: ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് വനിതകള്‍ പ്രതീകാത്മക വനിതാ മതില് തീര്‍ത്തു. ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എസ്.സി പ്രമോട്ടര്‍മാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, മഹിള പ്രധാന് എജന്റുമാര്‍, തൊഴിലുറപ്പ് പദ്ധതി പ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി വനിതകള്‍ മതിലിന്റ ഭാഗമായി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സംസ്ഥാന പാതയോട് ചേര്‍ന്നാണ് വനിതാ മതില് തീര്‍ത്തത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാ ദേവി, ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത കൈലാസ്, ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ചിത്ര, കെ.പി.എം.എഫ് ജില്ലാ ഖജാന്‍ജി എസ്. സുഷ ബാബു തുടങ്ങിയവരും മതിലില്‍ അണിചേര്‍ന്നു.
വനിതാ മതിലിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ യോഗവും ചേര്‍ന്നു. ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന് നായര്‍, സാമൂഹ്യ പിന്നാക്ക മുന്നണി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി എഫ്. ജോയി, കെ.പി.എം.എസ് പ്രതിനിധികളായ എസ്. സൈജു, ആര്. ബിജുകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സന്നിഹിതരായി.
വനിതാ മതിലിന്റെ പ്രചരണാര്‍ത്ഥം ബ്ലോക്ക് പഞ്ചായത്തിലുടനീളം വനിതകള്‍ ചേര്‍ന്ന് ചുവരെഴുത്തുകളും മറ്റു പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്താന്‍ യോഗം തീരുമാനിച്ചു.