തിരുവനന്തപുരം : നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പുതുവത്സര ദിനത്തില്‍ ഒരുക്കുന്ന വനിതാ മതില് കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിലെ അവിസ്മരണീയ സംഭവമായിരിക്കുമെന്നു സഹകരണം ദേവസ്വം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു സാമൂഹ്യ സംഘടനകള്‍ മുന്നോട്ടുവരുന്നത് വനിതാ മതിലിന്റെ സംഘാടനത്തിന് ഏറെ കരുത്തുപകരുന്നതാണെന്നും മന്ത്രി പറഞ്ഞു. വനിതാ മതില് ഒരുക്കങ്ങളുടെ ഭാഗമായി സെക്രട്ടേറിയറ്റ് അനക്സിലെ ലയം ഹാളില്‍ ചേര്‍ന്ന സാമൂഹ്യ സംഘടനകളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഒരുക്കുന്ന വനിതാ മതിലിനു പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി സാമൂഹ്യ സംഘടനാ നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തില്‍ വിളംബര ജാഥകള്‍ സംഘടിപ്പിക്കും. കലാജാഥകള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവയും ഒരുക്കും. ചുവരെഴുത്തുകള്‍, പോസ്റ്റര്‍ വിതരണം തുടങ്ങിയവയില്‍ വിവിധ സാമൂഹ്യ സംഘടനകളുടെ പ്രാതിനിധ്യം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടികള്‍ വനിതാ മതില് മുന്നോട്ടുവയ്ക്കുന്ന ആശയത്തെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതില്‍ ഏറെ പ്രധാനപ്പെട്ടതാണെന്നു മന്ത്രി അഭിപ്രായപ്പെട്ടു. പരിപാടിയുടെ പ്രചാരണാര്‍ഥം ഒരുക്കിയിട്ടുള്ള വെബ് പോര്‍ട്ടലില്‍ പരമാവധി വനിതകളെ രജിസ്റ്റര്‍ ചെയ്യിപ്പിക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു. 28നു വീണ്ടും യോഗം ചേര്‍ന്നു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും യോഗം തീരുമാനിച്ചു.