കണ്ണൂർ: തൻ്റെ ഉപജീവന മാർഗ്ഗമായ കമ്പിളി പുതപ്പ് വിൽക്കാനാണ് മധ്യപ്രദേശുകാരനായ വിഷ്ണു കേരളത്തിലെത്തിയത്. എന്നാൽ പേമാരി ദുരിത ബാധിതര്‍ക്ക് പുതപ്പുകള്‍ എല്ലാം സൗജന്യമായി നല്കി ഈ യുവാവ്. കണ്ണൂര്‍ ജില്ലയിലെ ഇരട്ടിയിലാണ് സംഭവം. ഇരട്ടിയിലെ താലൂക്ക് ഓഫീസിൽ കമ്പിളി വിൽക്കാനെത്തിയപ്പോൾ ഓഫീസിലെ ജീവനക്കാരാണ് മഴയുടെ ദുരിതത്തെക്കുറിച്ചും നാട്ടിലെ കുറെ ആളുകൾ അനുഭവിക്കുന്ന പ്രയാസങ്ങളെ പറ്റിയും വിഷ്ണുവിനോട് പറഞ്ഞത്.
ഇതോടെ തന്റെ കയ്യിലുണ്ടായ പുതപ്പുകള്‍ ദുരിത ബാധിതര്‍ക്ക് നല്കാന് വിഷ്ണു തയ്യാറായി. മാങ്ങോട് നിര്‍മ്മല എല്‍.പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് വിഷ്ണു കമ്പിളി വിതരണം ചെയ്തത്. ഇതേ സമയം ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ എത്തിയ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി കമ്പിളി പുതപ്പുകള്‍ ഏറ്റുവാങ്ങി.
വിഷ്ണുവിന്റെ വാര്‍ത്ത പത്രങ്ങളില്‍ പ്രദേശിക എഡിഷനുകളില്‍ വാര്‍ത്തയായെങ്കിലും, പിന്നീട് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. പിന്നീട് ചിലര്‍ വിഷ്ണുവിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ഹീറോയായി മാറി വിഷ്ണു.