കൊല്ലം: തൊഴിലന്വേഷകരായ യുവതീയുവാക്കള്‍ക്ക് അവസരങ്ങള്‍ ഉറപ്പാക്കുന്നതിനായി നിശ്ചിത ഇടവേളകളില്‍ തൊഴില്‍മേളകളും തൊഴില്‍ പരിശീലന പരിപാടികളും സംഘടിപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കുണ്ടറ നിയോജക മണ്ഡലത്തിലെ സമഗ്ര വികസന പദ്ധതിയായ ഇടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല മൊബിലൈസേഷനും തൊഴില്‍മേളയും ഇളമ്പള്ളൂര്‍ കെ.ജി.വി.യു.പി. സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയവുമായി ചേര്‍ന്ന് ഒന്‍പതു മാസം വരെ ദൈര്‍ഘ്യമുള്ള പരിശീലനം നടപ്പിലാക്കുന്നത് പരിഗണനയിലാണ്. വിവിധ യോഗ്യതകളുള്ളവര്‍ക്ക് ഉപകരിക്കത്തക്കവിധമായിരിക്കും ഇത്തരം സൗജന്യ പദ്ധതികള്‍ നടത്തുക. പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്കായി പ്രത്യേക പരിപാടിയും നടപ്പാക്കാന്‍ ആലോചിക്കുന്നു. തൊഴില്‍ മേളകളിലൂടെ നേരിട്ട് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനാണ് ശ്രമിക്കുന്നത്. പുരോഗതി വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാകും തുടര്‍ന്നുള്ള മേളകള്‍ സംഘടിപ്പിക്കുക മന്ത്രി വിശദമാക്കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ എ.ജി. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സി.പി. പ്രദീപ്, ഇളമ്പള്ളൂര്‍ പഞ്ചായത്ത് അംഗം റജീല ലത്തീഫ്, ഇടം നോഡല്‍ ഓഫീസര്‍ വി. സുദേശന്‍, കുടുംബശ്രീ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ വി.ആര്. അജു, പ്രോഗ്രാം മാനേജര്‍ അരുണ്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 18 തൊഴില്‍ പരിശീലന ഏജന്‍സികളും 930 ഉദ്യോഗാര്‍ഥികളും പങ്കെടുത്ത മേളയില്‍ 300 പേരെ ജോലിക്കായുള്ള ചുരുക്കപ്പട്ടികയിലേക്ക് തെരഞ്ഞെടുത്തു.