ആലപ്പുഴ: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ ലോക ബാങ്കിന്റെ പ്രതിനിധി സംഘം ബുധനാഴ്ച ജില്ലയുടെ വിവിധ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ജില്ലാ കളക്ടറുടെ ചുമതലയുള്ള ഗ്രാമ വികസന സെക്രട്ടറി എന്‍. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഗസ്റ്റ് ഹൗസില്‍ സംഘത്തെ സ്വീകരിച്ചു. തുടര്‍ന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തില്‍ സംഘം പങ്കെടുത്തു. ജില്ലാകളക്ടറും സബ്കളക്ടറും ചേര്‍ന്ന് ജില്ലയിലെ നിലവിലെ സ്ഥിതി സംഘത്തെ ബോധ്യപ്പെടുത്തി. വിവിധ വകുപ്പു മേധാവികള്‍ പ്രളയത്തില്‍ തങ്ങളുടെ വകുപ്പിന് കീഴില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ലോകബാങ്ക് സംഘത്തിനു മുന്നില്‍ അവതരിപ്പിച്ചു. വീടുകളുടെ നാശനഷ്ടം ഒഴിവാക്കിയാല്‍ 3690.49 കോടി രൂപയുടെ നഷ്ടമാണ് വിവിധ വകുപ്പുകള്‍ സംഘത്തിന് മുമ്പില്‍ അവതരിപ്പിച്ചത്. പ്രളയത്തില്‍ അകപ്പെട്ട വീടുകള്‍ക്ക് ഉണ്ടായ നാശങ്ങള് ഒഴിവാക്കിയുള്ള തുകയാണിത്. പത്തംഗ സംഘമാണ് ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്റല്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി എത്തിയത്.
അവലോകന യോഗത്തിനു ശേഷം സബ് കലക്ടര്‍ കൃഷ്ണതേജയുടെ നേതൃത്വത്തില്‍ സംഘം കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കൈനകരി പഞ്ചായത്തിലെ കുപ്പപ്പുറം പ്രാഥമികാരോഗ്യകേന്ദ്രം, കനകശ്ശേരി പാടശേഖരം, മട വീഴ്ചയുണ്ടായ സ്ഥലങ്ങള്‍, പനക്കല്‍ ചിറ, മീനപ്പള്ളി കായല്‍, ആറുബങ്ക് പാടശേഖരം, ഇരുമ്പനം എന്നിവിടങ്ങളിലാണ് ആദ്യം സംഘം സന്ദര്‍ശനം നടത്തിയത്. ബാങ്ക് പ്രതിനിധികളായ വിനായക് ഘട്ടാട്ടേ, യെഷിക മാലിക്, ദീപാ ബാലകൃഷ്ണന്, പീയൂഷ് സെക്സരിയാ, അലോക് ഭരദ്വാജ്, ടുലാല്‍ ചന്ദ്ര ശര്‍മ, അശോക് ശ്രിവാസ്തവാ, പ്രിയങ്ക ദിസ്സനായകേ, പി.കെ. കുര്യന്, ജയകുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. കുട്ടനാട്ടിലെ സന്ദര്‍ശനത്തിന് ശേഷം സംഘം ചെങ്ങന്നൂരിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
പൊതു കെട്ടിടങ്ങള്‍ക്ക് 217.2094 കോടി, റോഡുകള്‍ പാലങ്ങള്‍ 1230.63, നഗരത്തിലെ ഓടകള്‍, മറ്റു സൗകര്യങ്ങള്‍ 11.55 കോടി, റൂറല്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ 117.71 കോടി, ജലസ്രോതസ്സുകള്‍ (ഇറിഗേഷന്‍ വിഭാഗം) 337.02 കോടി, ഫിഷറീസ്, ടൂറിസം മേഖലകളിലെ ജീവനോപാധികളുടെ നഷ്ടം 234.189 കോടി, കൃഷിയും കന്നുകാലി മേഖലയിലെ 1536.964 കോടി, വൈദ്യുതി വകുപ്പ് 5.22 കോടി എന്നിങ്ങനെയാണ് നാശനഷ്ടക്കണക്ക് അവര്‍ക്ക് മുമ്പില്‍ വച്ചത്.
എ.സി റോഡിന്റെ അവസ്ഥ, മങ്കൊമ്പ്, കാവാലം എന്നിവിടങ്ങളില്‍ വെള്ളം കയറിയ സ്ഥലം, മട പൊട്ടിയ പാടശേഖരങ്ങള്‍ എന്നിവയും സംഘം സന്ദര്‍ശിച്ചു. വീടുകളില്‍ വെള്ളം കയറിയതിന്റെ അടയാളങ്ങള്‍ പരിശോധിച്ചു. പ്രളയത്തില്‍ അകപ്പെട്ട വീടുകളുടെ കേടുപാടുകളും വെള്ളം കയറി നശിച്ച ഫ്രിഡ്ജ്, മൈക്രോവേവ് ഓവന്, വാഷിംഗ് മെഷീന്, കട്ടില്, മെത്ത, സോഫ എന്നിവയും പരിശോധിച്ചു. നീരേറ്റുപുറം ഹൈസ്കൂളിലേക്കു ഉള്ള വഴി ഇടിഞ്ഞതും സംഘം കണ്ടു. പ്രളയത്തില്‍ തകര്‍ന്ന തിരുവന്‍വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിച്ചു. വെള്ളത്തിലകപ്പെട്ട ഇവിടുത്തെ രേഖകള്‍, കംപ്യൂട്ടറുകള്‍, കസേരകള്‍, ഇലക്ട്രിക്ക് ഉപകരണങ്ങള്‍, വയറിങ് മുതലായവ പൂര്‍ണമായും നശിച്ചത് സംഘത്തിന് ബോധ്യമായി. പ്രളയത്തില്‍ അകപ്പെട്ട് നശിച്ച വാഴ കൃഷി സംഘം പരിശോധിച്ചു. പ്രയാര്‍ എന്ന സ്ഥാലത്തെ കൃഷി നാശമാണ് വിലയിരുത്തിയത്. നാക്കട കുത്തിയതോട് പാലത്തിന് അടിയില്‍ അടിഞ്ഞു കൂടിയ മരങ്ങള്‍, മറ്റു മാലിന്യങ്ങള്‍ എന്നിവ പരിശോധിച്ചു.
പാണ്ടനാട് നോര്‍ത്തില്‍ പ്രളയത്തില്‍ അകപ്പെട്ട നശിച്ചുപോയ ജാതി കൃഷിയും കണ്ടു. ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ ലോകബാങ്ക് സംഘത്തിന് ജില്ലാ ഭരണ കൂടത്തിന്റെ ഭാഗത്തു നിന്നും വളരെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരുന്നതെന്ന് വിനായക് ഖട്ടാട്ടെ പറഞ്ഞു. കുട്ടനാട്, ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ പോയി നാശനഷ്ടങ്ങള്‍ നേരിട് കാണാനും വിലയിരുത്താനും സാധിച്ചു. കാര്യക്ഷമമായി പ്രശ്നങ്ങള്‍ അടുത്തറിയാന്‍ വേണ്ട എല്ലാ സഹായവും ലഭിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ സന്ദര്‍ശനത്തിന് ശേഷം സംഘം തൃശ്ശൂരിലേക്ക് പോകും.