ശബരില അയ്യപ്പന് മണ്ഡലപൂജയ്ക്ക് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. തങ്കഅങ്കി 26 ന് വൈകിട്ട് ശബരിമല സന്നിധാനത്തെത്തും. രഥഘോഷയാത്ര കടന്നു പോകുന്ന വിവിധ ക്ഷേത്രങ്ങളിലും പ്രധാന സ്ഥലങ്ങളിലും സ്വീകരണം നൽകും. ഇന്നലെ(23) പുലർച്ചെ അഞ്ചു മുതൽ ഏഴു വരെ ആറ•ുള പാർഥസാരഥി ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് വണങ്ങാനായി തങ്ക അങ്കി ദർശനത്തിന് വച്ചിരുന്നു.
രാവിലെ 7.18 ന് ക്ഷേത്രത്തിന് കിഴക്കേ നടയിൽ സജ്ജമാക്കിയിരുന്ന ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിൽ പണികഴിപ്പിച്ച രഥത്തിലേക്ക് തങ്ക അങ്കി മാറ്റി. തുടർന്ന് ഭക്തജനങ്ങളുടെയും ദേവസ്വം ബോർഡ് ജീവനക്കാരുടെയും സായുധ പൊലീസ് സേനാംഗങ്ങളുടെയും അകമ്പടിയോടെ തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി.ശങ്കര ദാസ്, എൻ. വിജയകുമാർ, ദേവസ്വം കമ്മീഷണർ എൻ.വാസു, ജില്ലാ പോലീസ് മേധാവി ടി. നാരായണൻ, മുൻ എംഎൽഎ മാലേത്ത് സരളാ ദേവി തുടങ്ങിയവർ സന്നിഹിതരായിരുന്നു.