27
Wednesday
January 2021

അക്രമികള്‍ക്കെതിരെ നിഷ്പക്ഷ നടപടിയുണ്ടാകും

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ജില്ലയില്‍ ക്രമസമാധാനം പുലരണമെന്നാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ആഗ്രഹിക്കുന്നതെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. അടൂരിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമം നടത്തുന്നവര്‍ക്കെതിരെ രാഷ്ട്രീയ ഭേദമന്യേ നടപടിയെടുക്കുമെന്നും, അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും, പൊതുജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാതലത്തിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍, യോഗത്തില്‍ നിന്ന് ബി.ജെ.പി വിട്ടുനിന്നത് സമാധാനം പുലരണമെന്ന് അവര്‍ ആഗ്രഹിക്കാത്തതുകൊണ്ടാണെന്നും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ആരോപിച്ചു.

സമാധാനം നിലനില്‍ക്കണമെന്ന് തന്നെയാണ് പൊതുഅഭിപ്രായമെന്ന് സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും അറിയിച്ചു. പൊലീസ് ജാഗ്രതയോടെ തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്നും, അക്രമികള്‍ ഏത് രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരാണെങ്കിലും നിഷ്പക്ഷമായ നടപടിയുണ്ടാകണമെന്നും, അടൂര്‍, പന്തളം പ്രദേശങ്ങളില്‍ കൃത്യമായ പരിശോധനകള്‍ നടത്തണമെന്നും സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു.

ജില്ലയില്‍ ഇതുവരെയുണ്ടായ ആക്രമങ്ങളിലെല്ലാം ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍ പറഞ്ഞു. കൃത്യമായ മുന്‍കരുതലുകളും എടുത്തിരുന്നു. ആവശ്യമായ പൊലീസ് ഫോഴ്‌സിനെ വിന്യസിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 267 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 677 പേരെ അറസ്റ്റ് ചെയ്യുകയും ഇതില്‍ 59 പേരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. 618 പേര്‍ക്ക് ജാമ്യം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കണം എന്നതാണ് ജില്ലാ ഭരണകൂടത്തിന്റെ ആഗ്രഹം. അതിനായി രാഷ്ട്രീയകക്ഷികള്‍ ഒരേമനസോടെ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.

സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രൊഫ : ടി.കെ.ജി നായര്‍, ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്, ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് അലക്‌സ് കണ്ണമല, കേരള കോണ്‍ഗ്രസ്(ബി) സംസ്ഥാന കമ്മിറ്റിയംഗം വാളകം ജോണ്‍, എന്‍.സി.പി ജില്ലാ പ്രസിഡന്റ് കരിമ്പനാകുഴി ശശിധരന്‍നായര്‍, കോണ്‍ഗ്രസ് (എസ്) ജില്ലാ സെക്രട്ടറി ബി.ഷാഹുല്‍ ഹമീദ്, ഐ.യു.എം.എല്‍ ജില്ലാ പ്രസിഡന്റ് ടി.എം ഹമീദ്, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ജില്ലാ പ്രസിഡന്റ് സനോജ് മേമന, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത്, അടൂര്‍ ആര്‍.ഡി.ഒ എം.എ റഹീം, അടൂര്‍ ഡിവൈ.എസ്.പി ആര്‍. ജോസ്, അടൂര്‍ തഹസില്‍ദാര്‍ കെ.ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com