പത്തനംതിട്ട: തിരുവല്ലക്കാരുടെ സ്വപ്നപദ്ധതിയായ തിരുവല്ല ബൈപ്പാസ് പ്രതിസന്ധികള്‍ തരണം ചെയ്ത് നിര്‍മാണ സാക്ഷാത്കാരത്തിലേക്ക്. ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളാണ് പുനരാരംഭിക്കുന്നത്. പഴയ കരാര്‍ റദ്ദാക്കിയതിന്റെ അടിസ്ഥാനത്തില്‍ ലോകബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം ക്ഷണിച്ച ടെണ്ടറിന്റെ അംഗീകാരനടപടികളാണ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇത് പൂര്‍ത്തിയാക്കി ഒക്ടോബറോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒന്‍പത് മാസം കൊണ്ട് പണി തീര്‍ക്കാനാണ് തീരുമാനമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. 38.3 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. അതിനുമുമ്പ് ബൈപ്പാസിന്റെ അനുബന്ധപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പണി ഇടയ്ക്ക് വച്ച് നിര്‍ത്തിയിരുന്ന ഫ്ളൈ ഓവറിനോടു ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന് റോഡിലേക്ക് പ്രവേശിച്ച്, ഇടതുഭാഗം തിരിഞ്ഞ് മല്ലപ്പള്ളി റോഡില്‍ പ്രവേശിച്ച് ഇവിടെ നിന്നും നിര്‍ദ്ദിഷ്ട അലൈന്മെന്റ് പ്രകാരം വയാഡക്ട് (പാലം) നിര്‍മ്മാണത്തോടുകൂടി രാമന്‍ചിറ എം.സി. റോഡില്‍ എത്തുന്ന തരത്തിലാണ് ബൈപ്പാസിന്റെ നിര്‍മാണം.
മഴുവങ്ങാട് നിന്നും ആരംഭിച്ചിരിക്കുന്ന അലൈന്മെന്റിന്റെ ഉപരിതലജോലികളും മിനി ബ്രിഡ്ജ്, ഫ്ളൈഓവറിന്റെ അപ്രോച്ച്റോഡിന്റെ പ്രവൃത്തികളും, ഫ്ളൈഓവറിന്റെ മറ്റ് പൂര്‍ത്തീകരണ ജോലികളുമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. നിലവിലെ ടൗണ്‍ റോഡിന്റെ കുറച്ചുഭാഗം ഓവര്‍ലേയും ബാക്കി 700മീ. 10മീ. വീതിയില്‍ വീതികൂട്ടലും വാട്ടര്‍ പൈപ്പുകള്‍ ഇടുന്ന ജോലികളും ഉള്‍പ്പെടെ 8.4 കോടി രൂപയുടെ പ്രവൃത്തിക്കായി ടെണ്ടര്‍ ചെയ്തിരിക്കുകയാണ്. ബൈപ്പാസ് നിര്‍മിക്കുന്നതിനായി ഇപ്പോള്‍ പണി നിര്‍ത്തിവെച്ചിരിക്കുന്ന ഫ്ളൈഓവറിനോടു ചേര്‍ന്ന് റെയില്വേസ്റ്റേഷന് റോഡ് വരേയും മല്ലപ്പള്ളി റോഡില്‍നിന്നും രാമന്‍ചിറ വരേയുമുള്ള സ്ഥലം ലഭ്യമാണ്. റെയില്‍വേ സ്റ്റേഷന് റോഡിനും മല്ലപ്പള്ളി റോഡിനും ഇടയില്‍ ആകെ അഞ്ച് പേരുടെ സ്ഥലമാണ് ലഭ്യമാകേണ്ടത്. അതില്‍ രണ്ട് പേരുടെ സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞു. ബാക്കിയുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികളും വേഗത്തില്‍ നടക്കുന്നുണ്ട്. ഈ കാലയളവിലെ ഇവിടുത്തെ യാത്രാക്ലേശം പരിഗണിച്ച് ടൗണ്‍ ഭാഗത്തും രാമന്‍ചിറ ഭാഗത്തും അത്യാവശ്യ അറ്റകുറ്റപ്പണികള്‍ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. കെ.എസ്.ടി.പിക്കാണ് പദ്ധതിയുടെ നിര്‍മാണ ചുമതല.