25
Wednesday
November 2020

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ ഉടന്‍ രേഖകള്‍ സമര്‍പ്പിക്കണം

Google+ Pinterest LinkedIn Tumblr +

എറണാകുളം: പ്രളയത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ ധനസഹായത്തിനായി രേഖകള്‍ എത്രയും വേഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫിറുള്ള. ചൂര്‍ണിക്കര പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലതാമസമില്ലാതെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടത് അത്യാവശ്യമാണ്. വീട് നഷ്ടമായവരുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായി പരാതിയുള്ളവര്‍ക്ക് ബുധനാഴ്ച (നവംബര്‍ 21) വരെ അപ്പീല്‍ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. അപ്പീലിനുള്ള അവസാന ദിവസം ചൊവ്വാഴ്ചയായിരുന്നെങ്കിലും അവധിയായതിനാല്‍ ഒരു ദിവസം കൂടി നീട്ടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ധനസഹായത്തിനര്‍ഹരായവര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ, തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, റേഷന്‍ കാര്‍ഡ് പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടത്. ധനസഹായം ലഭിച്ചവര്‍ ഈ രേഖകള്‍ ഹാജാരാക്കുന്നതില്‍ താമസം വരുത്തുന്നുണ്ട്. ഇതൊഴിവാക്കാന്‍ വാര്‍ഡു തല ജനപ്രതിനിധികള്‍ ജനങ്ങളെ സഹായിക്കണം. വില്ലേജ് ഓഫീസര്‍ ഇടപെട്ട് ധനസഹായത്തിന് അര്‍ഹരായവരുടെ ലിസ്റ്റ് വാര്‍ഡുതലത്തില്‍ പ്രദര്‍ശിപ്പിക്കണം. എത്രയും പെട്ടെന്ന് രേഖകള്‍ ഹാജരാക്കി ആദ്യ ഗഡു കൈപ്പറ്റി വീടുപണി ആരംഭിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ഓഗസ്റ്റ് മാസമുണ്ടായ പ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്കുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആദ്യം പരിഗണിക്കുക. ഇതിനു ശേഷം ഭാഗികമായി തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹരം നല്‍കും. വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്ക് 4 ലക്ഷം രൂപയാണ് ധന സഹായം. ഇതില്‍ 95,100 രൂപയാണ് ആദ്യ ഗഡുവായി നല്‍കുക.ആലുവ നിയോജക മണ്ഡലത്തിന് കീഴിലെ ആലുവ മുനിസിപ്പാലിറ്റി, കീഴ്മാട്, എടത്തല,ചൂര്‍ണിക്കര എന്നീ പഞ്ചായത്തുകളിലെ പ്രളയബാധിതരുടെയും ജനപ്രതിനിധികളുടെയും യോഗമാണ് ചേര്‍ന്നത്. ജനങ്ങളുടെ സംശയങ്ങള്‍ക്ക് കളക്ടര്‍ മറുപടി നല്‍കി. അന്‍വര്‍ സാദത്ത് എം എല്‍ എ, ഡെപ്യൂട്ടി കളക്ടര്‍ പി.ഡി. ഷീലാദേവി, തഹസില്‍ ദാര്‍ കെ.ടി. സന്ധ്യാദേവി, ലൈഫ് മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഏണസ്റ്റ് സി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com