കൊച്ചി: ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായി വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഇന്ന് രാത്രി 9.30 യോടെ മടങ്ങുമെന്ന് പൊലീസിനെ അറിയിച്ചു. വിമാനത്താവളത്തില്‍ നിന്നും തിരികെ പൂനെയിലേക്ക് മടങ്ങുന്ന കാര്യത്തില്‍ തീരുമാനം വൈകിട്ട് ആറിന് ശേഷം അറിയിക്കാമെന്ന് തൃപ്തി ദേശായി നേരത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
ഇന്ന് വെളുപ്പിന് 4.30 ഓടെ കൊച്ചിയിലെത്തിയ തൃപ്തിക്ക് പ്രതിഷേധം കാരണം വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 13 മണിക്കൂറിലേറെ ഇവര്‍ നെടുമ്പാശേരി വിമാനത്താവളത്തിനുള്ളിലായിരുന്നു. വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് പോകാന്‍ വാഹനം ലഭിച്ചില്ല. പ്രീപെയ്ഡ് കൗണ്ടറിലെ ടാക്സികളും ഓണ്‍ലൈന്‍ ടാക്സികളും തൃപ്തിയെ കൊണ്ടുപോകാന്‍ തയ്യാറായില്ല.
ശബരിമലയില്‍ പ്രവേശിക്കുന്നതിന് സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തില്‍ തൃപ്തി ദേശായി നിയമോപദേശം തേടിയിട്ടുണ്ട്. ഹൈക്കോടതിയെ സമീപിക്കുകയാണെങ്കില്‍ നിയമോപദേശം നല്കാന് തയ്യാറാണെന്ന് മൂന്ന് വനിതാ അഭിഭാഷകര്‍ തൃപ്തിയെ അറിയിച്ചതായും സൂചനയുണ്ട്.