പത്തനംതിട്ട: ഡെങ്കിപ്പനി വ്യാപകമാകുന്നതിനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ 14,15,16 തീയതികളില്‍ ഊര്‍ജിത ഉറവിട നശീകരണ യജ്ഞം സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. പ്രളയത്തിനു ശേഷം വീടുകള്‍ക്കുള്ളിലും പുറത്തും പൊതുസ്ഥലങ്ങളിലും കൊതുക് പെരുകുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. കൊതുകിന്റെ സാന്ദ്രത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഉറവിട നശീകരണ യജ്ഞം സംഘടിപ്പിക്കുന്നത്.
14ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 15ന് സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, നിര്‍മാണ സ്ഥലങ്ങള്‍, ബിസിനസ് സ്ഥാപനങ്ങള്‍, അതിഥി സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ എന്നിവിടങ്ങളിലും 16ന് വീടുകളിലുമാണ് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. കൊതുകുകള്‍ മുട്ടയിട്ടു പെരുകാത്ത തരത്തില്‍ ഉറവിടങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കണം. ഡെങ്കിപ്പനി നിയന്ത്രിക്കുന്നതിനുള്ള പ്രധാന നടപടിയാണിത്. ഈ പ്രചാരണം വിജയിപ്പിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍, സ്ഥാപന മേധാവികള്‍, ജീവനക്കാര്‍, എന്‍എസ്എസ്, എന്‍സിസി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ്, പിടിഎ, ഹെല്‍ത്ത് ക്ലബ്, യൂത്ത് ക്ലബ്, സര്‍ക്കാര്‍ ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.