27
Friday
November 2020

പ്രളയാനന്തരം വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പൂര്‍ണ്ണ സജ്ജം

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: സംസ്ഥാനം പ്രളയത്തിനുശേഷം പുനരുജ്ജീവനത്തിന്റെ പാതയിലാണെന്നും വിനോദസഞ്ചാരകേന്ദ്രങ്ങള്‍ നൂറു ശതമാനവും പ്രവര്‍ത്തനസജ്ജമായിട്ടുണ്ടെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആലപ്പുഴയുടെ ടൂറിസം തിരികെ പിടിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിച്ച ഹൗസ് ബോട്ട് റാലി പുന്നമടയില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രളയത്തില്‍പ്പെട്ട ജനതയെ ക്യാമ്പുകളില്‍ എത്തിക്കുന്നതിനും ആലപ്പുഴയിലെ ടൂറിസം വ്യവസായം വലിയ പങ്കു വഹിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും സര്‍ക്കാര്‍ നന്ദി അറിയിക്കുന്നതായി മന്ത്രി പറഞ്ഞു. ടൂറിസം കേരളത്തിലെ പ്രധാന വരുമാന സ്രോതസ്സാണ്. 15 ലക്ഷം പേര്‍ നേരിട്ട് ഈ മേഖലയില്‍ തൊഴിലെടുക്കുന്നു. ജി.ഡി.പിയുടെ 10% ടൂറിസത്തിന്റെ സംഭാവനയാണെന്നും മന്ത്രി പറഞ്ഞു. കേരളം ടൂറിസം നയം രൂപവല്‍ക്കരിച്ചിട്ടുണ്ട്. അത് നടപ്പിലാക്കി വരുന്നതിനിടയിലാണ് പ്രളയം എല്ലാം തകര്‍ത്തത്. ഇടുക്കി , ആലപ്പുഴ, വയനാട് ജില്ലകളെ കാര്യമായി പ്രളയം ബാധിച്ചു. വിദേശ ടൂറിസ്റ്റുകളില്‍ കാര്യമായ കുറവ് നമുക്കുണ്ടായിട്ടില്ല. ആഭ്യന്തര വിനോദ സഞ്ചാരമാണ് അല്പം പുറകിലേക്ക് പോയത് . ഇത്തരം ഇടപെടലുകളിലൂടെ വിനോദസഞ്ചാര മേഖലയെ സജീവമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രിയോടൊപ്പം ഹൗസ് ബോട്ട് റാലിക്ക് മുഖ്യാതിഥിയായെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാധവ് ഫഌഗ് ഓഫിന് പങ്കാളിയായി. ജില്ലാ കളക്ടര്‍ എസ്.സുഹാസ്, ഡി.റ്റി.പി.സി സെക്രട്ടറി എം മാലിന്‍, സബ് കളക്ടര്‍ കൃഷ്ണതേജ, ഹൗസ്‌ബോട്ട് ഉടമകളുടെ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബാക്ക് ടു ബാക്ക് വാട്ടേഴ്‌സ് റാലിക്ക് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം സര്‍ട്ടിഫിക്കറ്റും നല്‍കി. കല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സല്‍ റോക്കോഡ്‌സ് ഫോറം ഏറ്റവും വലിയ ഹൗസ്‌ബോട്ട് റാലി എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുകയുണ്ടായി. യു.ആര്‍.എഫ് ഫോറം സര്‍ട്ടിഫിക്കറ്റ് മന്ത്രി കടകംപള്ളി സുരേന്ദ്രനും കളക്ടര്‍ക്കും കൈമാറി. ഇതിന്റെ ഭാഗമായി 220 ഹൗസ് ബോട്ടുകള്‍, 100 ശിക്കാര വള്ളങ്ങള്‍ എന്നിവയാണ് സൗജന്യ യാത്രയും റാലിയും ഒരുക്കിയത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com