തിരുവനന്തപുരം: 23 വര്‍ഷത്തിനു ശേഷം പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ് ലിമിറ്റഡ് ലാഭലിഹിതം പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഉയര്‍ന്ന ഉത്പാപദന ക്ഷമതയോടെയാണ് പ്രഖ്യാപനം. കമ്പനി ലാഭ വിഹിതമായ 84 ലക്ഷം രൂപ ടിസിസിഎല്‍ സര്‍ക്കാരിന് കൈമാറി. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നഷ്ടത്തിലായിരുന്ന ടിസിസിഎല്‍ ഇന്ന് 35 കോടി രൂപ ലാഭത്തിലേക്ക് എത്തിയിരിക്കുന്നു. റെക്കോര്‍ഡ് ഉത്പ്പാദനത്തിലൂടെ 243.10 കോടി രൂപയുടെ വിറ്റു വരവാണ് ഈ പൊതുമേഖലാ സ്ഥാപനം നേടിയത്.
പൊതുമേഖല സ്ഥാപനങ്ങളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ടിസിസിഎല്ലിനെ ലാഭത്തിലേക്ക് എത്തിച്ചത്. സര്‍ക്കാര്‍ അധികാരമേള്ക്കുമ്പോള് 131 കോടി രൂപയായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം. ആദ്യവര്‍ഷം അത് 71 കോടിയായി കുറച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 106 കോടി രൂപ ലാഭത്തിലേക്കാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ എത്തിയത്. വ്യവസായ സ്ഥാപനങ്ങളെ ആധുനീകവല്ക്കരിച്ച് പൂര്‍ണ്ണതോതില്‍ ഉത്പ്പാദനം നടത്താന്‍ പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് സര്‍ക്കാര്‍ ചുവടുവെപ്പ്.
ഇതിന്റെ ഭാഗമായി 60 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സില്‍ നടപ്പാക്കുന്നത്. പ്രതിദിന ഉത്പ്പാദനം 250 ടണ്ണിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. കോസ്റ്റിക് സോഡാ ലായനിയുടെ വീര്യം 32% ശതമാനത്തില്‍ നിന്നും 48 % ആയി ഉയര്‍ത്താനും കഴിയുന്ന തരത്തിലാണ് നവീകരണപ്രവര്‍ത്തനങ്ങള്‍.