പത്തനംതിട്ട: തീര്‍ത്ഥാടനകാലം തുടങ്ങും മുന്‍പ് തന്നെ മാസ്റ്റര്പ്ലാനുണ്ടാക്കി പമ്പയെ പുനര്‍നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പമ്പയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പമ്പയിലെ പല കെട്ടിടങ്ങളും ഇപ്പോള്‍ സുരക്ഷിതമല്ല. ഏത് സമയത്തും ഇടിഞ്ഞ് വീഴാറായ അവസ്ഥയിലാണുള്ളത്. നിലനിര്‍ത്താന്‍ സാധിക്കുന്ന കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണം ഉടന്‍ തന്നെ നടത്തണമെന്നും, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഇതിന് ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ വരികയാണെങ്കില്‍ ടൂറിസം മന്ത്രാലയത്തില്‍ നിന്ന് വേണ്ട സഹായങ്ങള്‍ ഉടന്‍ തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ടാറ്റ കമ്പനി പമ്പയില്‍ ചെയ്ത് വരുന്ന സേവനങ്ങള്‍ വളരെ വലുതാണ്. കേരള സര്‍ക്കാര്‍ വേണ്ട സഹായങ്ങളെല്ലാമുള്പ്പെടുത്തി പ്രോജക്ട് റിപ്പോര്‍ട്ട് നല്കിയാല് അവ ചെയ്യുവാനുള്ള ഫണ്ട് അനുവദിച്ച് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന് കുളനട, ഷാജി ആര് നായര്‍, എം.എസ് അനില്‍, അഡ്വ. ഷൈന്‍ ടി. കുറുപ്പ്, സി.ബാബു, എസ്. ബിജു, അമ്പോറ്റി കോഴഞ്ചേരി തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.