തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥാപനങ്ങളെല്ലാം മികവുറ്റതാണെന്ന് വനംവന്യജീവിമൃഗസംരക്ഷണം വകുപ്പു മന്ത്രി കെ. രാജു. വകുപ്പില്‍ നടക്കുന്നത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ്. ഇവയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പാലോട് സെന്റര്‍ ഫോര്‍ വൈല്‍ഡ്ലൈഫ് സയന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസിന്റെ ഭാഗമായി വന്യജീവികളിലെ രോഗനിര്‍ണയത്തിനും പഠനത്തിനും ഗവേഷണത്തിനുമായി സജ്ജമാക്കിയ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്ഥാപനമാണ് സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സയന്‍സസ്.
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കു പകരാനിടയുള്ള രോഗങ്ങളെ നേരത്തെ കണ്ടെത്തി അവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാന്‍ സെന്ററിനു കഴിയും. മൃഗങ്ങളെ പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള സൗകര്യവും സെന്റര്‍ ഫോര്‍ വൈല്‍ഡ്ലൈഫ് സയന്‍സില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി അതിവേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാനായത് വകുപ്പിന്റെ മികവുകൊണ്ടാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഡി.കെ. മുരളി എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ ‘എന്‍.എ.ബി.എല്‍’ അക്രിഡിറ്റേഷന് സര്‍ട്ടിഫിക്കറ്റ്, ‘സിയാഡ് ക്രോണിക്കിള്‍’ എന്ന പുസ്തകത്തിന്റെയും പ്രകാശനവും, വൈല്‍ഡ് ലൈഫ് മ്യൂസിയം, ഇഓഫീസ് ആന്‍ഡ് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രന്, നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ സുരേഷ്, മൃഗസംരക്ഷണ വകുപ്പു ഡയറക്ടര്‍ പി.കെ. സദാനന്ദന്, ബ്ലോക്ക്ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.