ഇടുക്കി: കണ്ടും കേട്ടും പരിചയമുള്ള മേഖലയില്‍ നിന്നും തൊഴിലുറപ്പ് പദ്ധതി മറ്റൊന്നിലേക്കു കൂടി ചുവടുവയ്ക്കുന്നു. തൊഴിലുറപ്പിലുള്‍പ്പെടുത്തി സിമന്റ്കട്ട നിര്‍മ്മാണം എന്ന പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത് വണ്ടിപ്പെരിയാര്‍ ഗ്രാമപ്പഞ്ചായത്തിലാണ്. മഞ്ചുമല വാര്‍ഡില്‍ ആറ്റോരത്താണ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചത്. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്ലാന്‍ ഫണ്ട് 10 ലക്ഷം രൂപ വിനിയോഗിച്ചാണ് സിമന്റ് കട്ട നിര്‍മ്മാണ യൂണിറ്റിന് താല്‍ക്കാലിക ഷെഡ്, യന്ത്രോപകരണങ്ങള്‍, വൈദ്യുതി ഉള്‍പ്പെടെയുള്ള അവശ്യസൗകര്യങ്ങള്‍ ഒരുക്കിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഇതിനായി അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ മഞ്ചുമല വാര്‍ഡിലെ തൊഴിലുറപ്പ് അംഗങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 11 തൊഴിലാളികള്‍ വീതം ഷിഫ്റ്റുകളായാണ് യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ ആഴ്ചയും ഷിഫ്റ്റ് മാറി അടുത്ത 11 പേരെ നിയോഗിക്കും. ഒരു തൊഴിലാളി ഒരു ദിവസം 20 കട്ടകള്‍ നിര്‍മ്മിക്കണം. കട്ട നിര്‍മ്മിക്കുന്നതിനുള്ള സാധനസാമഗ്രികള്‍ എത്തിക്കുക, കട്ടകളുടെ വിപണനം എന്നിവയുടെ ചുമതല കുടുംബശ്രീ സി ഡി എസിനാണ്. ആദ്യ ഘട്ടമായി 1800 കട്ടകളാണ് നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന കട്ടകള്‍ ലൈഫ് ഭവനപദ്ധതി ഉള്‍പ്പെടെയുള്ള വിവിധ ഭവന പദ്ധതി പ്രകാരമുള്ള വീടുകളുടെ നിര്‍മ്മാണത്തിനായി കട്ടയൊന്നിന് 10 രൂപ നിരക്കില്‍ ഗുണഭോക്താക്കള്‍ക്ക് വിപണനം ചെയ്യും.
തൊഴിലുറപ്പ് അംഗങ്ങള്‍ക്ക് തൊഴില്‍, കുടുംബശ്രീയുടെ പങ്കാളിത്തം, ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്ക് ന്യായവിലയില്‍ മികച്ച സിമന്റ് കട്ടകള്‍ ലഭ്യമാക്കല്‍, ഗ്രാമപ്പഞ്ചായത്തിന് ആസ്തി വികസനവും വരുമാനവും വിവിധ ഘടകങ്ങളെ കൂട്ടിയോജിപ്പിച്ചുള്ള ഇത്തരമൊരു പദ്ധതി ജില്ലയില്‍ തന്നെ ആദ്യമാണ്. പദ്ധതിയുടെ ഉദ്ഘാടനം അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസിയാമ്മ ജോസ് നിര്‍വ്വഹിച്ചു. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് അധ്യക്ഷത വഹിച്ചു. പദ്ധതി വിജയകരമായാല്‍ കൂടുതല്‍ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് അറിയിച്ചു.
ഉദ്ഘാടന യോഗത്തില്‍ ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ബിജോയ് വര്‍ഗീസ് പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.പി.രാജേന്ദ്രന്, അഴുത ബ്ലോക്ക് പഞ്ചായത്തംഗം ശെല്‍വത്തായ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബാലമുരുകന് ഗ്രാമപഞ്ചായത്തംഗങ്ങള്‍, ബിഡിഒ എം.എസ് വിജയന്, സി ഡി എസ് ചെയര്‍പേഴ്സണ്‍ ലിസി ബാബു, വിവിധ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വാര്‍ഡ് മെമ്പര്‍ എസ് .ലീലാമ്മ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഷേര്‍ളി ജോണ്‍ നന്ദിയും പറഞ്ഞു.