പത്തനംതിട്ട: ദേശീയ ജനജാഗ്രത പരിക്ഷത്ത് വനിതാ മതിലിൻ്റെ പ്രചാരണത്തിനായി പുറത്തിറക്കിയ വീഡിയോ കാണുന്നവർ ഒന്ന് ഞെട്ടും. കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൻ്റെ ഭാഗമായ മഹാരഥൻമാരോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ തുടങ്ങിയവരുടെ ചിത്രങ്ങളും.
ശ്രീ നാരായണ ഗുരു, അയ്യങ്കാളി, ഡോ: ബി.ആർ. അംബേദ്കർ, ചട്ടമ്പി സ്വാമികൾ, മന്നത്ത് പദ്മനാഭൻ, വക്കം മുഹമ്മദ് അലി, പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ, അക്കാമ്മ ചെറിയാൻ, ചാവറ അച്ഛൻ, അബ്ദുൾ റഹ്മാൻ, പാമ്പാടി ജോൺ ജോസഫ്, എകെജി, ഇഎംഎസ്, ആർ. ശങ്കർ എന്നിവരുടെ ഗണത്തിലേക്കാണ് പിണറായിയേയും, വെള്ളാപ്പള്ളിയേയും, പുന്നലയേയും മറ്റും ദേശീയ ജനജാഗ്രത പരിക്ഷത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്.
എൻഎസ്എസ് ൻ്റെ പിന്തുണ വനിതാ മതിലിനില്ലെങ്കിലും ആചാര്യൻ മന്നത്ത് പദ്മനാഭനെയും, വർഗ്ഗീയ കക്ഷികൾക്കൊപ്പം മതിൽ കെട്ടാനില്ലെന്ന് പറഞ്ഞ വി.എസ്സിനേയും, എൽ.ഡി.എഫിൽ ഘടക കക്ഷികളെ ചേർത്തപ്പോൾ പിന്തള്ളിയ ഇഎംഎസ് മന്ത്രി സഭയിൽ അംഗമായിരുന്ന കെ.ആർ. ഗൗരിയമ്മയെയും പരിക്ഷത്ത് വീഡിയോയിൽ ഉൾപ്പെടുത്തി.
എന്തായാലും വനിതാ മതിൽ സംഘടിപ്പിക്കുന്ന സർക്കാരോ മറ്റേതെങ്കിലും സംഘടനയോ ഇത്തരത്തിൽ എല്ലാവരെയും ഉൾപ്പെടുത്തി ഒരു പ്രചരണം നടത്തിയിട്ടില്ല. നവോത്ഥാന നായകരെ എല്ലാം ഒരു കുടക്കീഴിൽ അണിനിരത്തി മനോഹരമായ വീഡിയോ പുറത്തിറക്കുവാൻ നേതൃത്വം നൽകിയ ദേശീയ ജനജാഗ്രത പരിക്ഷത്തിൻ്റെ സംസ്ഥാന പ്രസിഡന്റ് അജി ബി. റാന്നി അഭിനന്ദനം അർഹിക്കുന്നു. സിപിഎംനോടും ഇടതുപക്ഷത്തോടും ഏറ്റവും അടുത്തുനിൽക്കുകയും എൽ.ഡി.എഫിലെ ഒരു ഘടക കക്ഷിയുടെ മുൻ സംസ്ഥാന നേതാവുമായിരുന്നു അജി എന്നതുകൂടി ചേർത്ത് വായിക്കണം.