18
Monday
January 2021

വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ അന്തരിച്ചു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: വയലിന്‍ തന്ത്രികളില്‍ സ്നേഹത്തിന്റേയും പ്രണയത്തിന്റേയും മാസ്‌മരികത വിരിയിച്ച ബാലഭാസ്കര്‍ (40) അന്തരിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു മരണം. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ബാലയുടെ മകള്‍ രണ്ടു വയസ്സുകാരി തേജസ്വിനി ബാല നേരത്തെ മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ച സുഹൃത്ത് അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലാണ്. മകളുടെ മരണം അറിയാതെ ഇപ്പോഴിതാ അച്ഛനും യാത്രയായി. അപ്രതീക്ഷിതമായ അപകടം തട്ടിയെടുത്തത് മലയാളി നെഞ്ചേറ്റിയ വയലിന്‍ വാദനത്തിന്‍റെ നിറ വസന്തത്തെയാണ്. സംഗീതത്തിന്‍റെ ഏത് രൂപത്തിനുമൊപ്പം വയലിനിലൂടെ ഈണമായി സഞ്ചരിച്ച അതുല്യ പ്രതിഭയേയാണ്. പകരം വയ്ക്കാനില്ലാത്ത ആ വയലിന്‍ തന്ത്രികള്‍ ഇടയ്ക്ക് വച്ച്‌ മുറിയുമ്പോൾ മലയാളി ഒന്നടങ്കം പറയുന്നുണ്ട്… പ്രിയപ്പെട്ട ബാലഭാസ്കര്‍ … നിങ്ങള്‍ക്ക് പകരം വയ്ക്കാന്‍ ഒരാളില്ല…

തിരുമല സ്വദേശി ചന്ദ്രന്‍ ആണ് പിതാവ്. അമ്മ ശാന്തകുമാരി. സഹോദരി മീര. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും.

ദേശീയ പാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പ് ജങ്ഷന് സമീപം സെപ്തംബര്‍ 25 ന് പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലേ മരത്തില്‍ ഇടിക്കുകയായിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസ കോശത്തിനും പരിക്കേറ്റിരുന്നു. ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ബോധം തെളിഞ്ഞതായി വാര്‍ത്ത വന്നിരുന്നെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com