26
Monday
October 2020

അജൈവ മാലിന്യങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലെത്തി ശേഖരിക്കും

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: പ്രളയം കവര്‍ന്ന വീടുകളില്‍ അജൈവ മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. മെത്തകളും തലയിണകളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും റോഡരികില്‍ ഉപേക്ഷിക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. കുട്ടനാട്, ചെങ്ങന്നൂര്‍ മേഖലയിലാണ് ഗുരുതര പ്രശ്നം. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുകയാണ് സര്‍ക്കാര്‍. പ്രളയ ബാധിത പ്രദേശങ്ങളില്‍ ആരോഗ്യ ജാഗ്രതയുടെ ഭാഗമായുള്ള സന്നദ്ധപ്രവര്‍ത്തകര്‍ ഇനി മുതല്‍ വീടുകളിലെത്തി അജൈവ മാലിന്യങ്ങള്‍ ശേഖരിക്കും.

ആലപ്പുഴ ജില്ലയില്‍ ക്ലീന്‍ കേരള കമ്പനിയാണ് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. ശുചിത്വ കേരള മിഷന്റെ സഹകരണത്തോടെ ഹരിത കേരള മിഷനാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പ്രളയത്തില്‍ നശിച്ച മെത്തകള്‍, സോഫ്റ്റ് വുഡ്, സി.എഫ്.എല്‍, ടി.വി, ഫ്രിഡ്ജ്, മറ്റു ്ഇലക്ട്രോണിക്-ഇലക്ട്രിക് മാലിന്യങ്ങള്‍, റീ സൈക്കിള്‍ ചെയ്യാവുന്നതും അല്ലാത്തതുമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഗ്ലാസ്, ലോഹ മാലിന്യങ്ങള്‍ എന്നിങ്ങനെ പ്രത്യേകം പ്രത്യേകം തരംതിരിച്ചാണ് ശേഖരണം. കഴുകി വൃത്തിയാക്കി വേണം അജൈവ മാലിന്യങ്ങള്‍ നല്‍കുവാന്‍. ഹരിത കര്‍മ്മസേന, കുടുംബശ്രീ, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രളയ ബാധിത പഞ്ചായത്തുകളിലെ വീടുകളിലെത്തി അജൈവ മാലിന്യങ്ങള്‍ ശേഖരിക്കും.

വാര്‍ഡ് തലത്തില്‍ ആദ്യം ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ പിന്നീട് പഞ്ചായത്ത് തലത്തില്‍ ശേഖരിക്കുകയും അവിടെ നിന്ന് ക്ലീന്‍ കേരള കമ്പനി തങ്ങളുടെ വാഹന സൗകര്യം ഉപയോഗിച്ച് ഏറ്റെടുക്കുകയും ചെയ്യും. ക്ലീന്‍ കേരള കമ്പനി ഈ അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്ന യൂണിറ്റുകള്‍ക്ക് കൈമാറും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വൃത്തിയാക്കിയവ സംസ്‌കരിക്കാന്‍ അംഗീകൃത യൂണിറ്റുകളെ ഏല്‍പ്പിക്കും. അധികം വൃത്തിയാക്കാന്‍ സാധിക്കാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡ് നിര്‍മാണത്തിന് ഉപയോഗപ്പെടുത്തും.

ആറാം തീയതി മുതലാണ് പഞ്ചായത്ത് തലത്തില്‍ നിന്ന് അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു തുടങ്ങുക. ഇതിനു വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പഞ്ചായത്ത് തലത്തില്‍ നല്‍കി കഴിഞ്ഞു. അജൈവ മാലിന്യങ്ങള്‍ ശിചിയാക്കി ക്ലീന്‍ കേരള കമ്പനിക്ക് നല്‍കുന്ന പ്രവര്‍ത്തിക്ക് ശുചിത്വ മിഷനൊപ്പം ചേര്‍ന്ന് സന്നദ്ധപ്രവര്‍ത്തനം നടത്തുവാന്‍ താല്പര്യമുള്ളവര്‍ക്ക് tscalappuzha@gmail. com എന്ന ഇമെയില്‍ വിലാസത്തിലോ 04772253020 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com