27
Tuesday
October 2020

പൊതുസമൂഹത്തിൽ മാധ്യമങ്ങൾക്കുള്ള സ്ഥാനമെന്ത്?

Google+ Pinterest LinkedIn Tumblr +

നമ്മുടെ പൊതുസമൂഹത്തില്‍ മാധ്യമങ്ങൾക്കുള്ള സ്ഥാനം ശക്തമാണ്. വാർത്തകളുടെ ലക്ഷ്യം സമൂഹ നന്മയാകുമ്പോൾ പ്രത്യകിച്ചും. നാടിന്റെ വികസനപ്രവർത്തനങ്ങളിൽ മാധ്യമങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. ഭരണകർത്താക്കളുമായി നല്ല ബന്ധങ്ങളും മാധ്യമങ്ങൾ പുലർത്തുന്നു. മിക്ക വാർത്തകളും നല്ല ഭരണത്തിലേക്കുള്ള വഴികാട്ടിയാണ്.

വാര്‍ത്തകളുടെ ലക്ഷ്യം സമൂഹമാവുമ്പോള്‍ അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒളിക്കാന്‍ പലതുമുണ്ടാവും. വാര്‍ത്താ സമ്മേളനങ്ങള്‍ മാത്രമല്ല വാര്‍ത്തകളുടെ ഉറവിടം. മാധ്യമപ്രവർത്തകർ അന്വേഷിച്ച് കണ്ടെത്തിയ പല വാർത്തകളും നാടിന്റെ മുഖഛായതന്നെ മാറ്റിയ ചരിത്രം നമ്മൾക്കുണ്ട്. വാര്‍ത്തകള്‍ തേടി സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പോവുന്നതിന് മുമ്പ് ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിന്ന് അനുമതിയെടുക്കണമെന്ന വ്യവസ്ഥയില്‍ മരിക്കുന്നത് വാര്‍ത്തകളും നാടുമാണ്. നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളുടെ ദുരവസ്ഥ എല്ലാവർക്കുമറിയാം. മിക്ക സർക്കാർ ഓഫീസുകളുടെയും മുഖമുദ്ര അഴിമതിയാണ്. ആരുഭരിച്ചാലും എന്ത് വിലക്കുകൾ വന്നാലും ഇത് നിർബാധം തുടരുന്നു. ഇതൊക്കെ തുറന്ന് കാട്ടാന്‍ നമ്മുടെ സംവിധാനത്തിലെ ഏക വഴി മാധ്യമങ്ങളാണ്.

സത്യസന്ധമായ മാധ്യമ പാരമ്പര്യം തന്നെയാണ് നമുക്കുള്ളത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും, വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയും, കെ.പി. കേശവമേനോനും അടക്കമുള്ളവർ നേതൃത്വം നൽകിയ മലയാള മാധ്യമ പ്രവര്‍ത്തനത്തിന്റെ ശക്തരായ പിന്തുടര്‍ച്ചക്കാരാണ് ഇന്നിന്റെ പ്രതിനിധികള്‍.

അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചുവെന്നാരോപിച്ച് അമേരിക്കയില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരില്‍ ചിലരെ നിരോധിച്ചു. മാധ്യമ പ്രവര്‍ത്തകന് രക്ഷ തേടി കോടതിയില്‍ പോവേണ്ടി വന്നു.

ഏകാധിപത്യത്തിന്റെ കാലം കഴിഞ്ഞെന്നും കണ്ണുരുട്ടിയാല്‍ ജനം പേടിക്കില്ലെന്നും ഭരണാധികാരികൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. മാധ്യമങ്ങളെ വാര്‍ത്തകളില്‍ നിന്ന് വിലക്കിയാലും നട്ടെല്ലുളള മാധ്യമ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തനവും ഇവിടെയുണ്ടാവും. ഇത് ജനാധിപത്യ ഇന്ത്യയാണ്. ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, സഞ്ചാര സ്വാതന്ത്ര്യമുണ്ട്, അഭിമുഖ സ്വാതന്ത്ര്യമുണ്ട്. ഇന്ത്യയെ ഇന്ത്യയാക്കുന്നത് ഈ അമുല്യ നിയമമാണ്. മാധ്യമ ലോകത്തിന് അതാണ് പ്രധാനം. ഭരണകൂടത്തെ ഭയന്ന് വാര്‍ത്തകളെ ഉപേക്ഷിക്കാനാവില്ല. അഴിമതിയെ തുറന്ന് കാട്ടാനും അനീതികള്‍ക്കെതിരെ പട പൊരുതാനും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ശക്തരായ മുന്‍ഗാമികളുണ്ട്. സ്തുതി പാടനമല്ല മാധ്യമ പ്രവര്‍ത്തനമെന്നും പി.ആര്‍.ഡി അല്ല വാര്‍ത്താ കേന്ദ്രമെന്നും ഇനിയുള്ള ദിവസങ്ങള്‍ തെളിയിക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com